തിരൂർ: നാഷനൽ സർവിസ് സ്കീമിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള 2021-22 വർഷത്തെ കേരള സംസ്ഥാന അവാർഡ് തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ബി.പി അങ്ങാടി ഗവ. സ്കൂളിനും മൂന്നു വർഷമായി യൂനിറ്റിനെ നയിക്കുന്ന സില്ല്യത്തിനും ലഭിച്ചു. പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്‌കാരം നേടിയ സില്ല്യത്ത് വി.എച്ച്.എസ്.ഇ വിഭാഗം പൂർവ വിദ്യാർഥിനിയും വൊക്കേഷനൽ ഇൻസ്ട്രക്ടറുമാണ്.
2019-20ൽ എൻ.എസ്.എസ് സംസ്ഥാന നേതൃത്വം നിർദേശിച്ച പ്രോജക്ട് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കി സംസ്ഥാന അവാർഡ് നേടിയ യൂനിറ്റുകളിൽ ഒന്നായി മാറുകയും 2021ൽ ജില്ലയിലെ ഏറ്റവും നല്ല യൂനിറ്റിനുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.
നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള വിദ്യാലയത്തിലെ 40 വർഷം പിന്നിടുന്ന വി.എച്ച്.എസ്.ഇ കോഴ്സുകളുടെ നാൾവഴിയിൽ ആദ്യമായിട്ടാണ് എൻ.എസ്.എസ് സംസ്ഥാന അവാർഡിന്റെ തിളക്കമെത്തുന്നത്. എൻ.എസ്.എസ് വളന്‍റിയർമാരോടൊപ്പം പ്രിൻസിപ്പൽ സാം ഡാനിയൽ, പ്രോഗ്രാം ഓഫിസർ സില്ല്യത്ത്, പി.ടി.എ പ്രസിഡന്റ് സമീർ പൂക്കയിൽ, സ്റ്റാഫ് സെക്രട്ടറി മണികണ്ഠൻ, ശ്രീദേവി, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരെല്ലാം പുരസ്കാര നേട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു.