പൊന്നാനി: സംസ്ഥാനത്തുടനീളം മഴമാപിനി സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലും കാലാവസ്ഥ നിരീക്ഷണ സംവിധാനം തയാറായി. പൊന്നാനി മിനി സിവില്‍ സ്റ്റേഷന് മുകളിലായാണ് മഴമാപിനി സ്ഥാപിച്ചത്. ജില്ലയിൽ അനുവദിച്ച ഏക സ്റ്റേഷൻ പൊന്നാനിയിലേതാണ്.
പദ്ധതിക്ക് മുന്നോടിയായി പി. നന്ദകുമാർ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വിവര സാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐസിഫോസിനാണ് പദ്ധതിയുടെ ചുമതല. ഐ.ഒ.ടി അധിഷ്ഠിത മഴമാപിനികളും താപനില, ഈര്‍പ്പം തുടങ്ങിയവ അളക്കുന്ന ഉപകരണങ്ങളും സ്ഥാപിക്കുന്നുണ്ട്.
കൂടാതെ ഉപകരണങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ സൂക്ഷിക്കാനും ദൃശ്യവത്കരണത്തിന് ആവശ്യമായ വെബ് ആപ്ലിക്കേഷന്‍ പോലുള്ള സംവിധാനങ്ങളും ഇതിനോടൊപ്പം ഒരുക്കും. മഴയുടെ തോത്, കാറ്റിന്റെ ഗതി, ദിശ, കാലാവസ്ഥ മാറ്റം എന്നിവ അറിയുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കും. ദുരന്തനിവാരണ സേനക്കും മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഈ സംവിധാനം ഉപകാരപ്രദമാകും. ഡിസംബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.