തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്ന് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. തിരൂർ ആർ.പി.എഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് വേട്ട.
രണ്ട് ബാഗിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എം.ഡി.എം.എ, എട്ട് ഗ്രാം ബ്രൗൺഷുഗർ, 10.51 ഗ്രാം വൈറ്റ് എം.ഡി.എം.എ, പുകവലിക്കാനുള്ള ഉപകരണം തുടങ്ങിയവയാണ് പിടികൂടിയത്.
ഓണം പ്രമാണിച്ച് ട്രെയിൻ വഴി വ്യാപകമായി മയക്കുമരുന്ന് കടത്തുന്നെന്ന വിവരത്തെത്തുടർന്നാണ് ആർ.പി.എഫ്, എക്സൈസ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ യാത്രക്കാരുടെ ഇരിപ്പിടത്തിന് ചുവട്ടിൽനിന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പിടികൂടിയ മയക്കുമരുന്ന് കോടതിയിൽ ഹാജരാക്കുമെന്നും ഇവ എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ആർ.പി.എഫ് എസ്.ഐ കെ.എം. സുനിൽകുമാർ, എക്സൈസ് സി.ഐ മുഹമ്മദ് സലീം എന്നിവർ പറഞ്ഞു.
പരിശോധനക്ക് ആർ.പി.എഫ് ഉദ്യോഗസ്ഥരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, പ്രദീപ്, സതീഷ്, മുരളീധരൻ, എക്സൈസ് പ്രിവന്റിവ് ഓഫിസർമാരായ പ്രജോദ് കുമാർ, ബിനുരാജ്, ഐ.ബി പ്രിവന്റിവ് ഓഫിസർ രതീഷ്, മുഹമ്മദലി, നൗഫൽ, ചന്ദ്രമോഹനൻ എന്നിവരടങ്ങിയ സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.