പൊന്നാനി ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

പൊന്നാനി ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ശാസ്ത്രീയ മത്സ്യ ബന്ധനവും ഉറപ്പാക്കി പൊന്നാനിയിലെ ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. നാല് മാസത്തിനിടയില്‍ ജില്ലയിലെ 70 കിലോമീറ്റര്‍ തീരദേശ മേഖലകളില്‍ നിന്നായി 30 ഓളം വിവിധ അപകടങ്ങളില്‍പെട്ട 343 മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്താനായത്. ട്രോളിങ് നിരോധന സമയത്ത് നിയന്ത്രണങ്ങള്‍ മറികടന്ന് മത്സ്യ ബന്ധനം നടത്തിയ 25 ഓളം ബോട്ടുകള്‍ കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയും മൂന്ന് ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തു.

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ രക്ഷപ്പെടുത്തുന്നതിനും കടല്‍ പെട്രോളിങ്ങിനുമായി ഫിഷറീസ് സ്റ്റേഷനില്‍ രണ്ട് ബോട്ടുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. താനൂര്‍, പൊന്നാനി ഹാര്‍ബറുകളിലുമായിട്ടാണ് നിലവില്‍ ഇവയുള്ളത്. അടിയന്തരഘട്ടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തീരസുരക്ഷ ഉറപ്പാക്കാനും കടലിലെ നിയമലംഘനങ്ങള്‍ തടയുന്നതിനും കടലില്‍ അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഫിഷറീസ് സ്റ്റേഷനില്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ആറാമത്തെ ഫിഷറീസ് സ്റ്റേഷനാണ് പൊന്നാനിയിലേത്. വിഴിഞ്ഞം, നീണ്ടകര, വൈപ്പിന്‍, ബേപ്പൂര്‍, കണ്ണൂര്‍ എന്നിവയാണ് മറ്റ് സ്റ്റേഷനുകള്‍.

Leave a Reply

Your email address will not be published. Required fields are marked *