
അജിത് കുമാര്‍, അനീഷ് കുമാര്‍
കോട്ടക്കൽ: തട്ടിയെടുത്ത കാർ മരിച്ചയാളുടെ വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റിയ കേസില്‍ രണ്ടുപേര്‍ കോട്ടക്കലിൽ അറസ്റ്റില്‍. വയനാട് സ്വദേശികളായ ചുള്ളിയോട് ചേറ്റൂര്‍ അജിത് കുമാര്‍ (45), വയനാട് നെന്മേനി കുറുത്തനട്ട് അനീഷ് കുമാര്‍ (36) എന്നിവരാണ് അറസ്റ്റിലായത്.
ചങ്കുവെട്ടി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ഭർത്താവിന്റെ പേരിലുണ്ടായിരുന്ന കെ.എല്‍ 55 എഫ് 4400 നമ്പർ കാർ അനധികൃതമായി കൈവശപ്പെടുത്തി വ്യാജരേഖകളുണ്ടാക്കി കാലങ്ങൾക്കുശേഷം വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റി ചതിച്ചെന്നാണ് പരാതി. നേരത്തേ വാഹനം കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിൽ സുല്‍ത്താന്‍ ബത്തേരിയിലുള്ളയാളുടെ പേരില്‍ വാഹനമുള്ളതായി കണ്ടെത്തിയ വീട്ടുകാർ മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിരുന്നു. അതേസമയം, വാഹനം ഇനിയും കണ്ടെത്തിയിട്ടില്ല. പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂർ, എ.എസ്.ഐ ഷൈലേഷ്, സി.പി.ഒമാരായ ബിജു, ജിനീഷ് എന്നിവരാണ് കേസന്വേഷിച്ചത്.