
മലപ്പുറം: കേരളത്തിൽ മുസ്ലിം വിദ്വേഷം വിതക്കാൻ സംഘ്പരിവാർ ഉപയോഗിക്കുന്ന സ്ഥിരം ആയുധങ്ങളാണ് മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മലപ്പുറത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ. നോമ്പെടുക്കുന്ന റമദാൻ മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല, തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തു എന്നിങ്ങനെ പോകുന്നു ഇത്തരം വ്യാജാരോപണങ്ങൾ.
ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്നലെയും ഇക്കാര്യങ്ങൾ ആവർത്തിച്ചു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോടാണ് സുരേന്ദ്രൻ കള്ളങ്ങൾ വിളിച്ചുപറഞ്ഞത്. എന്നാൽ, ഈ ആരോപണങ്ങൾ ഒക്കെയും അടിസ്ഥാന രഹിതമാണെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കുകയാണ് ഏതാനും മാസംമുമ്പ് വരെ ബി.ജെ.പിയുടെ നാവായിരുന്ന, നിലവിൽ കോൺഗ്രസ് നേതാവായ സന്ദീപ് വാര്യർ.
സുരേന്ദ്രന്റെ ആരോപണങ്ങൾ:
‘ശബരിമല വ്രതം നോൽക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയിൽ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മൾ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാനെന്റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല.
രാമനാട്ടുകര മുതൽ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ല. പല സ്ഥലത്തും റമദാനിൽ ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങൾ വേണ്ടിവന്നു. ഇതെല്ലാം പച്ചയായ യാഥാര്‍ഥ്യങ്ങളാണ്. നമ്മൾ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. എത്രയോ സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കിട്ടുന്നില്ല. അതെന്തൊരു ന്യായമാണ്. തങ്ങളല്ല ഇതിന്റെ പിന്നിലെന്നാണ് ലീഗുകാര്‍ പറയുന്നത്. നിര്‍ബന്ധിച്ചാണോ കടയടപ്പിക്കുന്നതെന്ന് ചോദിച്ചാൽ ആരും നിര്‍ബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷെ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല.
തികഞ്ഞ വര്‍ഗീയ ചിന്താഗതിയാണ് മുസ്ലിം ലീഗിനുള്ളത്. മലപ്പുറത്ത് തികഞ്ഞ ഫാഷിസ്റ്റ് നിലപാടാണ് പല കാര്യങ്ങളിലും ലീഗിനുള്ളത്. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല. തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ്. ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.� മലപ്പുറം ജില്ലയിൽ വാക്സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. ഇവിടെ അതൊരു ചർച്ചാവിഷയമാകുന്നില്ല’
മലപ്പുറത്തിനെതിരായ സംഘ്പരിവാർ ആരോപണങ്ങളെ കുറിച്ച് സന്ദീപ് വാര്യർ:
രാവിലെതന്നെ ഒരു മുതിർന്ന സംഘപരിവാർ അനുഭാവിയുമായി മലപ്പുറം വിഷയത്തിൽ ഫോണിൽ ഒന്ന് തർക്കിക്കേണ്ടിവന്നു. അദ്ദേഹം പങ്കെടുത്ത ഒരു ചാനൽ ചർച്ചയിൽ മലപ്പുറത്തെ സംബന്ധിച്ച് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ആവർത്തിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ നമ്പർ തപ്പിപിടിച്ച് വിളിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വസ്തുത വിരുദ്ധമാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്റെ എളിയ ശ്രമം.
� �♦�തുഞ്ചൻ പ്രതിമ സ്ഥാപിക്കാത്തതിന് കാരണം എം.ടിയുടെ വിയോജിപ്പ്:
അദ്ദേഹത്തിന്റെ (സംഘപരിവാർ അനുഭാവി) ഒന്നാമത്തെ ആരോപണം തുഞ്ചൻ പ്രതിമയുമായി ബന്ധപ്പെട്ടതായിരുന്നു. ഇത് നേരത്തെയും ഞാൻ വിശദീകരിച്ചിട്ടുള്ളതാണ്. എം.ടി വാസുദേവൻ നായർ അധ്യക്ഷനായ മനോരമയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതും, പിന്നീട് എം.ടിയുടെ അഭിപ്രായപ്രകാരം പ്രതിമയ്ക്ക് ഭംഗി പോരാ എന്ന് അഭിപ്രായപ്പെട്ട് പകരം ഇൻസ്റ്റലേഷൻ സ്ഥാപിച്ചതും. അതിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടായിരുന്നില്ല. മാത്രമല്ല തുഞ്ചൻ പ്രതിമ സ്ഥാപിക്കും എന്നു പറഞ്ഞു രണ്ടുമൂന്നു വർഷം മുൻപ് ആയിരം പേരുടെ കമ്മിറ്റി ഉണ്ടാക്കി സ്ഥലം വിട്ട അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
� �♦�‘മലപ്പുറത്ത് എത്രയോ ഹോട്ടലുകൾ നോമ്പ് സമയത്ത് തുറന്നു പ്രവർത്തിക്കുന്നു’
രണ്ട് നോമ്പുകാലത്ത് മലപ്പുറത്ത് ഭക്ഷണം കിട്ടുന്നില്ല എന്ന അദ്ദേഹത്തിൻറെ ആക്ഷേപമായിരുന്നു. അത് പൂർണ്ണമായും വസ്തുതാ വിരുദ്ധമാണ്. 70% മുസ്ലിംകൾ ഉള്ള മലപ്പുറം ജില്ലയിൽ സ്വാഭാവികമായും നോമ്പ് സമയത്ത് 70% ഹോട്ടൽ ബിസിനസും കുറവായിരിക്കും. ഭക്ഷണം കഴിക്കാൻ ആളുകൾ ഉണ്ടാവില്ല. ആ കാലത്ത് വലിയ കൂലിയും കൊടുത്ത് വൈദ്യുതി വെള്ളം ചാർജുകളും നൽകി ഹോട്ടൽ നടത്തിക്കൊണ്ടു പോകാൻ പല ഉടമസ്ഥർക്കും താല്പര്യമുണ്ടാകില്ല. നോമ്പ് എടുക്കുന്ന വിശ്വാസികൾ ആ സമയത്ത് ഭക്ഷണം പാചകം ചെയ്യാനും കച്ചവടം ചെയ്യാനും ഒന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. അവർ സ്വമേധയാ സ്വന്തം കച്ചവടം പകൽ സമയത്ത് നടത്തുന്നില്ലെങ്കിൽ നമുക്കെങ്ങനെ നിർബന്ധിക്കാൻ പറ്റും ? എന്നാൽ മലപ്പുറം ജില്ലയിൽ എത്രയോ ഹോട്ടലുകൾ നോമ്പ് സമയത്ത് തുറന്നു പ്രവർത്തിക്കുന്നുണ്ട്. എല്ലാ ടൗണുകളിലും എല്ലാ ഗ്രാമപ്രദേശങ്ങളിലും തുറന്നു പ്രവർത്തിക്കുന്ന ചായക്കടകളും ഹോട്ടലുകളും ഒക്കെ കാണാം. അവരെ ആരെയും നിർബന്ധിച്ച് അടപ്പിക്കുന്നുമില്ല.
എന്നിട്ട് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഒക്കെ ചില ക്ഷേത്ര ഉത്സവങ്ങളുടെ സമയത്ത് ആ പരിസരപ്രദേശങ്ങളിൽ എവിടെയും മാംസ ഭക്ഷണം പാചകം ചെയ്യുന്നതിനും വിൽക്കുന്നതിനും ആ പ്രദേശങ്ങളിൽ താമസിക്കുന്ന അഹിന്ദുക്കളായ ആളുകളെ പോലും നിയമംമൂലം വിലക്കാറുണ്ട്. അതല്ലേ വർഗീയത? ക്ഷേത്രത്തിൽ ഉത്സവം ഉണ്ടെന്ന് കരുതി ആ ടൗണിൽ, കിലോമീറ്ററുകൾക്ക് അപ്പുറത്ത് പോലും താമസിക്കുന്ന അഹിന്ദുക്കളായ ആരും മാംസ ഭക്ഷണം കഴിക്കരുത് എന്നു പറയാൻ നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമാണോ ? അതല്ലേ വർഗീയത?
� ♦�‘ഭീഷണിക്ക് വിധേയനായി മലപ്പുറത്തുനിന്ന് നാടുവിടേണ്ടിവന്ന ഒരാളെയെങ്കിലും കാണിച്ചു തരൂ’
അദ്ദേഹം ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ടതും അതേസമയം ഗൗരവതരവുമായ ആരോപണം മലപ്പുറം ജില്ലയിൽ നിന്ന് അമുസ്ലിംകളെ ഭീഷണിപ്പെടുത്തി പാലായനം ചെയ്യിപ്പിക്കുന്നു എന്നായിരുന്നു. ലക്ഷക്കണക്കിന് അമുസ്ലിംകൾ ജീവിക്കുന്ന ജില്ലയാണ് മലപ്പുറം. മുസ്ലിം അല്ലാത്തതുകൊണ്ട് ഭീഷണിക്ക് വിധേയനായി നാടുവിടേണ്ടിവന്ന ഒരാളെയെങ്കിലും കാണിച്ചു തന്നാൽ, വസ്തുതകൾ പരിശോധിച്ചു അദ്ദേഹത്തെ തിരികെ അവിടെ താമസിപ്പിക്കാൻ മുൻപിൽ ഞാൻ ഉണ്ടാവും എന്ന് ഉറപ്പ് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അത്തരത്തിൽ ആളുകൾ ഉണ്ടെങ്കിൽ ആ ലിസ്റ്റ് ഇങ്ങോട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
� ♦�‘മലപ്പുറം കേരളത്തിൻറെ ഗ്രോത്ത് എൻജിൻ ആകുന്ന കാലം വിദൂരമല്ല’
ഒരു കള്ളം പലതവണ പറഞ്ഞ് സത്യമാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രതിപക്ഷത്ത് പോലുമുള്ള മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയിലുണ്ട് എന്നാലോചിക്കണം. അവിടെനിന്നാണ് ഹിന്ദുക്കളെ കൂട്ടപ്പാലായനം ചെയ്യിക്കുന്നു എന്ന് മറ്റേതോ ജില്ലയിലിരുന്ന് തട്ടിവിടുന്നത്.
കേരളത്തിൽ മറ്റെല്ലാ ജില്ലകളിലും ഉള്ളതുപോലെ നല്ല മനുഷ്യരും മോശം മനുഷ്യരും മലപ്പുറത്തുമുണ്ട്. മതേതരവാദികളും വർഗീയവാദികളും മറ്റെല്ലാ ജില്ലയിലും ഉള്ളതുപോലെ മലപ്പുറത്തുമുണ്ട്. എന്നു കരുതി ഒരു ജില്ലയെ മാത്രം ഇങ്ങനെ സ്ഥിരമായി അടച്ചാക്ഷേപിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല.
എൻറെ യാത്രയിൽ എൻറെ അനുഭവം, മലപ്പുറം ജില്ലയിലെ മുസ്ലിം സമൂഹം വിദ്യാഭ്യാസപരമായും ജീവിത നിലവാരം കൊണ്ടും കേരളത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ്. പ്രത്യേകിച്ചും മലപ്പുറത്തെ പെൺകുട്ടികൾ. വെൽ എജുക്കേറ്റഡ് ആൻഡ് വെൽ ഇൻഫോംഡ്. മലപ്പുറംകാരന്റെ രക്തത്തിൽ സംരംഭകത്വം ഉണ്ട്. സ്റ്റാർട്ടപ്പുകളുടെ കൂട്ടപ്പൊരിച്ചിൽ ആണ് മലപ്പുറത്ത്. കാൽ നൂറ്റാണ്ടിനപ്പുറത്ത് കേരളത്തിൻ്റെ സാമ്പത്തിക തലസ്ഥാനം അത് കൊച്ചി ആയിരിക്കില്ല മലപ്പുറം ആയിരിക്കും. എഴുതി വെച്ചോളൂ. മലപ്പുറം കേരളത്തിൻറെ ഗ്രോത്ത് എൻജിൻ ആകുന്ന കാലം വിദൂരമല്ല.