തിരൂർ: ശ്രദ്ധേയമായി തിരൂർ സാംസ്കാരിക സമുച്ചയത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ സംഘടിപ്പിച്ച വികസന സെമിനാർ. തിരൂർ മണ്ഡലത്തിലെ മുനിസിപ്പൽ, വിവിധ പഞ്ചായത്ത് അധ്യക്ഷൻമാർ പങ്കെടുത്ത സെമിനാറിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാത്തത് സെമിനാറിലും രാഷ്ട്രീയം കണ്ടത് ചർച്ചയായി. ഇടതുപക്ഷം ഭരിക്കുന്ന തിരൂർ ബ്ലോക്ക് പഞ്ചായത്ത്, വെട്ടം പഞ്ചായത്ത്, തലക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ അധ്യക്ഷന്മാർ സെമിനാറിൽനിന്ന് വിട്ടുനിന്നു.
തിരൂർ മണ്ഡലത്തിലെ വികസനം ലക്ഷ്യമിട്ട ചർച്ചയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു. തിരൂർ ജില്ല ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ഉൾപ്പെടെ തിരൂർ റെയിൽവേ സ്റ്റേഷൻ, മണ്ഡലത്തിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ, പൊന്മുണ്ടം – പൊലീസ് ലൈൻ, പുതിയ ബൈപ്പാസ് റോഡ്, ലഹരിക്കെതിരെയുള്ള മുന്നൊരുക്കം തുടങ്ങിയ വിവിധ വിഷയങ്ങൾ സെമിനാറിൽ ചർച്ചയായി.
ജില്ല ആശുപത്രി മോർച്ചറിയിലേക്ക് പുതിയ രണ്ട് ഫീസറുകൾ കഴിഞ്ഞ ദിവസം ലഭ്യമാക്കിയതായും പൊൻമുണ്ടം-പൊലീസ് ലൈൻ പദ്ധതിയിൽ പുതിയ സർവേ കല്ലുകൾ സ്ഥാപിക്കുമെന്നും തിരൂരിലെ മാധ്യമ പ്രവർത്തകർക്കായി ആസ്ഥാനം ഒരുക്കുമെന്നും ലഹരിക്കെതിരെ വ്യാപാരികളുമായി കൈകോർത്ത് പുതിയ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും തിരൂർ മണ്ഡലത്തിൽ മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പരിശീലന കേന്ദ്രമൊരുക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും എം.എൽ.എ ചർച്ചക്ക് ശേഷമുള്ള മറുപടിയിൽ ഉറപ്പുനൽകി.
തിരൂർ നഗരത്തിൽ വ്യവസായ കേന്ദ്രം തുടങ്ങണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കുമെന്നും തിരൂർ നഗരത്തിലുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ കാലപ്പഴക്കം മൂലം പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത് നിത്യസംഭവമായതിനാൽ അവ മാറ്റി സ്ഥാപിക്കാൻ 20 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അതിനാവശ്യമായ പണം മന്ത്രിസഭയെ സമീപിച്ച് നേടിയെടുക്കാൻ പരിശ്രമിക്കുമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ വ്യക്തമാക്കി.
തിരൂർ ജില്ല ആശുപത്രിയിലും മണ്ഡലത്തിലെ മറ്റു ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങളും മറ്റു അടിയന്തിര ചികിത്സ സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുത്തണമെന്നാവശ്യവും പരിഗണിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
തിരൂർ -നിലമ്പൂർ വഴി മൈസൂരിലേക്ക് ട്രെയിൻ സർവിസ് കൊണ്ടുവരുന്നത് ഭാവിയിലെങ്കിലും യാതാർഥ്യമാവാൻ പരിശ്രമിക്കുമെന്നും ഇതിനായി എല്ലാവരെയും പോലെ താനും ആഗ്രഹിക്കുന്നതായും എം.എൽ.എ പറഞ്ഞു. നഗരസഭ, വിവിധ ബ്ലോക്ക്, പഞ്ചായത്ത് അധ്യക്ഷൻമാരും സഹ അധ്യക്ഷൻമാരും പങ്കെടുത്തു.