ഇത് മർയം ജുമാന. ആകാശം കീഴടക്കാനുള്ള സ്വപ്നത്തിനു പിന്നാലെ പറന്നവൾ. ഇന്ന് തന്റെ സ്വപ്നസാക്ഷാത്കാരത്തിനരികെയാണ് അവൾ. 19ാം വയസ്സിൽ വിമാനം പറത്തി കൈയടി വാങ്ങിയ ജുമാന നാട്ടിൻപുറത്തെ സർക്കാർ സ്കൂളിൽനിന്ന് പഠിച്ചിറങ്ങി കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കിയാണ് ലക്ഷ്യത്തിനരികെയെത്തിയത്. ഇനി അവശേഷിക്കുന്ന പരിശീലനംകൂടി പൂർത്തിയാക്കിയാൽ ജുമാനക്ക് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കും. ഡൽഹിയിലെ പരിശീലനത്തിനിടെ ജുമാന സംസാരിക്കുന്നു.
സന്തോഷത്തിന്റെ പൈലറ്റ് സീറ്റ്
പൈലറ്റ് സീറ്റിലിരുന്ന് ആദ്യമായി വിമാനം പറത്തുമ്പോൾ വല്ലാത്ത എക്സൈറ്റ്മെന്റ് ആയിരുന്നു. പത്താം ക്ലാസ് മുതലുള്ള ആഗ്രഹമായിരുന്നു അത്. ആദ്യമായി വിമാനം പറത്തിയപ്പോൾ ഭയത്തേക്കാൾ സന്തോഷമായിരുന്നു. പൈലറ്റിന്റെ യൂനിഫോമിനോട് പ്രത്യേക ഇഷ്ടം തോന്നിയിരുന്നു.
പിന്നീട് പൈലറ്റുമാരെക്കുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബിലൂടെ നിരവധി വിഡിയോകൾ കണ്ടു. അതോടൊപ്പം പൈലറ്റ് നിലോഫർ, അയൽവാസികൂടിയായ പൈലറ്റ് ഷഹബാസ് എന്നിവർ സംശയങ്ങൾ തീർക്കാനും തുടർപഠനങ്ങൾ എങ്ങനെവേണമെന്ന മാർഗനിർദേശങ്ങൾക്കും കൂടെനിന്നു.
ബി പോസിറ്റിവ്
മലപ്പുറം ജില്ലയിലെ പുൽപറ്റ വാലാഞ്ചേരിക്കുന്ന് പന്തലാഞ്ചീരി പുത്തൻപുരയിൽ ഉമർ ഫൈസി-ഉമൈബാനു ദമ്പതികളുടെ നാലാമത്തെ മകളാണ് ഞാൻ. എന്റെ ജീവിതത്തിലെ എല്ലാം ആദ്യം പങ്കുവെക്കുന്നത് ഉമ്മയോടാണ്. പൈലറ്റ് ആവണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വളരെ പോസിറ്റിവ് ആയാണ് എല്ലാവരും അതിനെ കണ്ടത്.
ഹയർ സെക്കൻഡറിയിൽ സയൻസാണ് പഠിച്ചത്. മറ്റു കോമ്പിനേഷൻ എടുത്തവർക്ക് (എൻ.ഐ.ഒ.എസ്) പരീക്ഷ എഴുതി അതിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടണം. ഏതെങ്കിലും ഒരു തിയറി അക്കാദമിയെ സമീപിക്കുക എന്നതാണ് അടുത്ത കടമ്പ. പിന്നെ മെഡിക്കൽ ടെസ്റ്റ്. അതിൽ വിജയിച്ചാൽ അക്കാദമിയിലേക്ക് പ്രവേശിക്കാം. ആറുമാസം ട്രെയിനിങ് ഉണ്ടാവും. കൂടെ ആറ് ഡി.ജി.സി പരീക്ഷയും.
അത് എഴുതിയെടുത്താൽ മാത്രമേ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കൂ. ഫ്ലയിങ് അക്കാദമിയിൽ പ്രവേശിക്കുമ്പോൾ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും. അതിൽ വിജയിച്ചാൽ സ്റ്റുഡന്റ്സ് പൈലറ്റ് ലൈസൻസ് ലഭിക്കും. ഇതുവരെയുള്ള യാത്രയിലെ ചെലവുകൾ ചിന്തിക്കാവുന്നതിലും മുകളിലായിരുന്നു. കുടുംബം കൂടെനിന്നതുകൊണ്ട് മാത്രമാണ് ലക്ഷ്യത്തിലെത്താൻ സാധിച്ചത്.
സെൽഫ് മോഡ് ഓൺ
റോൾ മോഡൽ എന്നുപറയാൻ ആരുമില്ല. സ്വന്തമായി തെരഞ്ഞെടുത്ത മേഖലയാണിത്. ചെറുപ്പം തൊട്ട് വിമാനവും ആകാശവും പൈലറ്റ് യൂനിഫോമും സ്വപ്നം കണ്ടിരുന്നു. അങ്ങനെ മനസ്സിലുണ്ടായ ഇഷ്ടമാണ് ഇപ്പോൾ ഇവിടെവരെ എത്തിച്ചത്. പെണ്ണാണ് എന്ന പേരിൽ സ്ത്രീകൾക്കുമേൽ ചാർത്തുന്ന നിരവധി കാര്യങ്ങളുണ്ട്. എന്റെ യാത്രയിലും അത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
അത്തരം നെഗറ്റിവ് വാക്കുകളെ പരിഗണിക്കാതിരിക്കുകയും പോസിറ്റിവായി ചിന്തിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ജുമാന എന്ന് കേൾക്കുമ്പോൾ ഇനി വരുന്നവർക്ക് ‘ഇൻസ്പിരേഷൻ’ എന്ന വാക്ക് ഓർമവരണമെന്നാണ് ആഗ്രഹം.