തിരൂരങ്ങാടി: ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ച് കുട്ടികളുടെ മാതാവ്. ഒരുവയസ്സുകാരന് മുഹമ്മദ് ഷെഫിന്റെ മാതാവ് ഷക്കീല, ആറ് വയസ്സുകാരന് റസന്റെ മാതാവ് ഉമ്മു ഉദൈഫ എന്നിവരാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അടങ്ങുന്ന അഞ്ചംഘ സംഘത്തിന് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ചത്.
ഡോക്ടര്‍മാര്‍ക്കെതിരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍നിന്നും നിരന്തരം ഉയരുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സംഘമാണ് ആശുപത്രിയിലെത്തിയത്.
വെളിമുക്ക് ആലുങ്ങല്‍ സ്വദേശി മണക്കടവന്‍ ഷാഹുല്‍ ഹമീദ്-ഷക്കീല ദമ്പതികളുടെ മകന് ഒരു വയസ്സുള്ള മുഹമ്മദ് ഷെഫിനുമായി എട്ടാം തീയതി രാത്രി എട്ടോടെയാണ് ഇവര്‍ ആശുപത്രിയിലെത്തുന്നത്. വാതിലിനടയിയില്‍പ്പെട്ട് കൈവിരല്‍ മുറിഞ്ഞ് രക്തം ഒഴുകുന്ന തരത്തിലാണ് കുട്ടിയെ കൊണ്ടുവന്നത്. ഇവരോട് മുറിവ് കെട്ടുന്ന മുറിയിലേക്ക് ഇരിക്കാന്‍ പറഞ്ഞു.
ഒമ്പത് മണിയോടെയാണ് വേങ്ങര കൂരിയാട് സ്വദേശിയായ നൗഫല്‍-ഉമ്മു ഉദൈഫ ദമ്പതികള്‍ ആറ് വയസ്സുള്ള കുട്ടിയുമായി ചുണ്ടുപൊട്ടി രക്തം ഒലിക്കുന്ന നിലയില്‍ ആശുപത്രിയിലെത്തുന്നത്. ഇവരോടും ഡോക്ടര്‍ മുറിവ് കെട്ടുന്ന മുറിയിൽ ഇരിക്കാന്‍ പറഞ്ഞു. 20 മിനിറ്റ് കഴിഞ്ഞിട്ടും ഡോക്ടര്‍ വരാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ കരച്ചിലൊന്ന് മാറ്റുവെന്ന് വേങ്ങര സ്വദേശി നൗഫല്‍ പറഞ്ഞതാണ് പിന്നീട് കേസിലേക്ക് പോയതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന ഇവര്‍ പറയുന്നു.
ഇതോടെ മുറിവുകെട്ടുന്ന റൂമിലെത്തിയ ഡോക്ടര്‍ ഈ കുട്ടിക്കൊപ്പം ഞാനും കരയണോ, ഇവിടെ മയക്കാനൊന്നും ആളില്ല. കുട്ടിയുടെ കൈ പച്ചക്ക് തുന്നും, നിങ്ങള്‍ പിടിച്ചുതരേണ്ടി വരുമെന്ന് പറഞ്ഞതോടെ പിടഞ്ഞുകരയുന്ന ഒരു വയസ്സുകാരനെയും കൊണ്ട് ആശുപത്രി വിട്ട് ഇറങ്ങുകയായിരുന്നുവെന്ന് ഷക്കീലയും ഷാഹുല്‍ ഹമീദും പറയുന്നു. ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ പലനിലക്കും കടം വാങ്ങിയും മറ്റുമാണ് എം.കെ.എച്ച് ആശുപത്രിയില്‍ കാണിച്ചതെന്നും തങ്ങള്‍ക്ക് വന്നത് ഇനി മറ്റൊരാള്‍ക്കും വരരുതെന്ന് കരുതിയാണ് ഡി.എം.ഒക്ക് മുമ്പില്‍ ഹാജരായതെന്നും ഇവര്‍ പറഞ്ഞു.
ആറ് ദിവസത്തെ ലീവിന് സഹോദന്റെ കല്ല്യാണത്തിനായി നാട്ടിലെത്തിയ നൗഫല്‍ കല്ല്യാണം കഴിഞ്ഞുമടങ്ങി പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് കേസെടുത്ത വിവരം അറിയുന്നത്. ചെറിയകുട്ടിക്ക് ചികിത്സ നല്‍കാതെ മടക്കിയത് നൗഫല്‍ സുപ്രണ്ടിനോട് പരാതി പറഞ്ഞിരുന്നു. ആ വിരോദത്തിലാണ് ഡോക്ടര്‍ കേസ് കൊടുത്തതെന്ന് നൗഫലിന്റെ ഭാര്യ ഉമ്മുഉദൈഫ പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞതായും ഇവര്‍ പറഞ്ഞു.
ജനുവരി രണ്ടിന് പുലര്‍ച്ചെ മൂന്നിന് ഡോക്ടര്‍ ഉറങ്ങിയത് മൂലം ചികിത്സ ലഭിക്കാതെ മരണപ്പെട്ട അബൂബക്കര്‍ മുസലിയാരുടെ മകന് ഫായിസ് മൗലവിയും രോഗിയെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ യു. നാരായണനില്‍നിന്നും മൊഴി രേഖപ്പെടുത്തി. നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ് കുട്ടി, അഷ്റഫ് കളത്തിങ്ങല്‍പാറ, ആശുപത്രി ജീവനക്കാര്‍, ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്നുമെല്ലാം ഡി.എം.ഒ ഡോ. ആര്. രേണുക, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, ഡോ. കെ.ജി. അഭിലാഷ്, ഡോ. മെഹജു സി. ഫാത്തിമ, പ്രതിഭ പ്രഭാകരന് എന്നിവരാണ് വിവര ശേഖരരണം നടത്തിയത്.