എടപ്പാൾ: കുട്ടിത്താരങ്ങൾ കളത്തിൽ നിറഞ്ഞാടിയ പ്രഥമ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് വർണാഭമായി. കടകശ്ശേരി ഐഡിയൽ സ്കൂൾ മൈതാനത്ത് നടന്ന കുരുന്നുകളുടെ കളിയാരവം നിരവധി കൗതുക കാഴ്ചയാണ് ഒരുക്കിയത്. ആദ്യമായാണ് സംസ്ഥാന തലത്തിൽ ചെറിയ കുട്ടികൾക്ക് വേണ്ടി ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്. മത്സരാർഥികളുടെ എണ്ണം കൊണ്ടും ആരാധക പിന്തുണ കൊണ്ടും പ്രഥമ മീറ്റ് ചരിത്രത്തിൽ ഇടം നേടി.
മൂന്നു മുതൽ 10 വയസ്സ് വരെയുള്ള കുട്ടികളാണ് മീറ്റിൽ പങ്കെടുത്തത്. മൂന്നു പ്രായ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ഇനങ്ങളിലായാണ് മത്സരം നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന ആയിരത്തിലധികം കുട്ടിതാരങ്ങളാണ് മത്സരത്തിന് മാറ്റുകൂട്ടിയത്. വിവിധ നിറങ്ങളിലുള്ള ജേഴ്സിയും ഷോട്ട്സും അണിഞ്ഞ കുരുന്നുകൾ പച്ചപ്പുൽ മൈതാനിയിൽ അണിനിരന്നതോടെ പൂന്തോട്ടത്തിലെ പൂക്കളെപ്പോലെ മനോഹരമായി. കുട്ടിത്തവും കുസൃതിയും കാണിച്ച് കുട്ടിപ്പട്ടാളം കളിക്കളം അടിക്കുവാണതോടെ കാണാനെത്തിയ കാണികൾക്കും ആവേശം അലതല്ലി.
തങ്ങളുടെ പിഞ്ചോമനകളുടെ മത്സരം കാണാൻ വിവിധ ജില്ലകളിൽ നിന്നായി രക്ഷിതാക്കളും കൂടെ വന്നിരുന്നു. സ്വന്തം മക്കളുടെ വിജയത്തിന് വേണ്ടി അവർ ആർപ്പുവിളിക്കുകയും ആവേശം പകരുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് പിന്തുണയുമായി അധ്യാപകരും കൂടെയോടി. വീറും വാശിയും നിറഞ്ഞ മത്സരത്തിൽ എം.ഇ.സ് പുത്തനത്താണി സ്കൂൾ ഒന്നാമതും ഐഡിയൽ കടകശ്ശേരി, രണ്ടാമതുമെത്തി. ജി.എം.യു.പി സ്കൂൾ പാറക്കടവാണ് മൂന്നാം സ്ഥാനം നേടിയത്.