കാളികാവ്: അപ്രോച്ച് റോഡ് തകർന്ന പാറക്കടവ് പാലം ഗതാഗതത്തിന് തീരെ അനുയോജ്യമല്ലാതായി.
പുഴക്കുകുറുകെയുള്ള കോൺക്രീറ്റ് പാലത്തിൽ കയറാനുള്ള കവുങ്ങ് പാലം കൂടി ഒടിഞ്ഞ് തൂങ്ങിയതാണ് കാരണം. കാളികാവ്-തുവ്വൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി അരിമണൽ പുഴക്ക് കുറുകെ പാറക്കടവിൽ നിർമിച്ച പാലത്തിനാണ് ഈ ഗതി. 2019ലെ പ്രളയത്തിലാണ് പാലത്തിന്റെ തുവ്വൂർ പഞ്ചായത്ത് ഭാഗത്തെ അപ്രോച്ച് റോഡ് ഒലിച്ചുപോയത്. ഇതോടെ പാലത്തിൽ കയറാൻ മാർഗമില്ലാതായി.
2009ൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ നടപ്പാലം നിർമിച്ചത്. തുവ്വൂർ-കാളികാവ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാറക്കടവിൽ നിന്ന് ഈനാദിയിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ളതാണ് ഈ നടപ്പാലം.
കാളികാവ്, പുല്ലങ്കോട് ഹയർസെക്കൻഡറി സ്കൂളുകളിലേക്കുള്ള വിദ്യാർഥികളും കാളികാവ് ടൗണിലേക്ക് പോകുന്നവരും ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
പാറക്കടവിൽ നിന്ന് കരുവാരകുണ്ട് പതിനൊന്നിലൂടെ അരിമണൽ ഈനാദി വഴി ചുറ്റി കാളികാവിലെത്താൻ അഞ്ചു കിലോമീറ്ററോളം സഞ്ചരിക്കണം. എന്നാൽ, പാലം കടന്നാണെങ്കിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഈനാദിയിലെ സംസ്ഥാന പാതയിലെത്താനാവും.
2019ലെ പ്രളയത്തിനുശേഷം എല്ലാ വർഷവും പാലത്തിൽ കയറാൻ നാട്ടുകാർ താൽക്കാലിക പാലം നിർമിക്കുകയാണ് ചെയ്യുന്നത്.
പുഴയുടെ വശങ്ങളിൽ സംരക്ഷണഭിത്തിയും പാലത്തിൽ കയറാനുള്ള സൗകര്യവും അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.