കോട്ടക്കൽ: തോട്ടിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാക്കളെ കുത്തിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആട്ടീരി സ്വദേശി മുഹമ്മദ് മുഹ്സിൻ (31), സൂപ്പി ബസാർ പുതുക്കിടി മുഹമ്മദ് ബാദുഷ (20) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി സൂപ്പി ബസാറിലാണ് സംഭവം. ആട്ടീരി തോട്ടിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് പരാതിക്കാരും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തർക്കം പരിഹരിച്ചതിനു പിന്നാലെയാണ് സൂപ്പി ബസാറിൽ കാറിലിരിക്കുകയായിരുന്ന വേങ്ങര സ്വദേശി അബ്ദുൽ സമദിനെയും സുഹൃത്തിനെയും പ്രതികൾ ആക്രമിച്ചത്.
ഇരുവരും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ പ്രതികളെ കോഴിക്കോട് കുന്ദമംഗലത്തുനിന്നാണ് പിടികൂടിയത്. എസ്.ഐ ഫദൽ റഹ്മാൻ, എ.എസ്.ഐ ഹബീബ, സി.പി.ഒമാരായ ബിജു, അജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.