മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ചു. വൈകീട്ട് നാലുവരെ നടന്നിരുന്ന പോസ്റ്റ്മോർട്ടം ഇനി രാത്രി എട്ടുവരെ നടക്കും. സർക്കാറിന്റെ പുതിയ നിർദേശപ്രകാരമാണിത്. ശനിയാഴ്ച ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാലാണ് ഇക്കാര്യമറിയിച്ചത്. കൊലപാതകം, പീഡനത്തെ തുടർന്നുള്ള മരണം, വിഷബാധയേറ്റ് മരണം എന്നിവയുമായി ബന്ധപ്പെട്ട മൃതദേഹങ്ങളും സംശയസാഹചര്യത്തിൽ ലഭിക്കുന്ന മൃതദേഹങ്ങളും ഒഴിച്ചുള്ളവയാണ് പോസ്റ്റ്മോർട്ടം ചെയ്യുക.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ വൈകീട്ട് നാലിനു മുമ്പ് തന്നെ ഫോറൻസിക് സർജനെ വിവരം അറിയിക്കണം. മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സാഹചര്യത്തിൽ 108 ആംബുലൻസിന്റെ സേവനം സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ ലഭ്യമാകൂ എന്നും അവർ പറഞ്ഞു.
ഏറനാട് താലൂക്ക് പരിധിയിലെ കോഴിഫാമുകളിൽ ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഒരു കേസ് രജിസ്റ്റർ ചെയ്തതായി ഡ്രഗ് ഇൻസ്പെക്ടർ അറിയിച്ചു. മഞ്ചേരി മിനി സിവിൽസ്റ്റേഷൻ റോഡിൽ അപകടഭീഷണിയായ മൂന്നു മരങ്ങൾ മുറിച്ചുമാറ്റിയതായും പ്രദേശത്ത് വിശാലമായ പാർക്കിങ്, നടപ്പാത എന്നിവക്കുള്ള സൗകര്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എ.ഇ അറിയിച്ചു.
ഏറനാട് താലൂക്കിനു കീഴിലെ വിവിധ കൂൾബാറുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തുമ്പോൾ സ്ഥാപനങ്ങളുടെ വാട്ടർ ടാങ്ക് പരിശോധിക്കാൻ മലപ്പുറം ഫുഡ് ഇൻസ്പെക്ടർക്ക് സമിതി നിർദേശം നൽകി. മീറ്റർ ഉപയോഗിക്കാതെയാണ് പല ഓട്ടോറിക്ഷകളും സർവിസ് നടത്തുന്നതെന്ന് സമിതി അംഗം പരാതി ബോധിപ്പിച്ചു. വിഷയത്തിൽ ലീഗൽ മെട്രോളജി, പൊലീസ്, എം.വി.ഐ എന്നിവരോട് അടിയന്തര പരിശോധന നടത്തി നടപടിയെടുക്കാൻ നിർദേശിച്ചു.
മഞ്ചേരി മെഡിക്കൽ കോളജിൽ അമ്മത്തൊട്ടിൽ പ്രവർത്തനസജ്ജമാക്കുന്നതിന് ശിശുക്ഷേമ സമിതിക്ക് കത്ത് നൽകാൻ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളെക്കൂടി അമ്മത്തൊട്ടിൽ പദ്ധതിയുടെ ഭാഗമാക്കുന്നതിന് ചർച്ചചെയ്യുന്നതിനും തീരുമാനിച്ചു. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം. മുകുന്ദൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി. രാധാകൃഷ്ണൻ, ടി.പി. വിജയകുമാർ, ഒ.ജെ. സജി, പുലിയോടൻ മുഹമ്മദ്, കെ.പി.എ. നസീർ, കെ.എം. ജോസ്, കെ.ടി. ജോണി, എൻ.പി. മോഹൻരാജ്, സി.ടി. രാജു, വല്ലാഞ്ചിറ നാസർ, പി.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.