കാളികാവ്: ചോക്കാട് പരുത്തിപ്പറ്റയിലെ ദലിത് വിഭാഗങ്ങൾക്കായുള്ള കുടിവെള്ള പദ്ധതി പൂർത്തീകരിക്കാതെ ഫണ്ട് കൈപ്പറ്റിയ പണം കരാറുകാരിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് ഡി.വൈ.എഫ്.ഐ. കുടിവെള്ള പദ്ധതിയുടെ പേരിൽ വൻ അഴിമതി നടത്തിയ സംഭവത്തിനെതിരെ നിയമ പോരാട്ടങ്ങൾ ശക്തമാക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചോക്കാട് മേഖല കമ്മിറ്റി വിജിലൻസിന് പരാതി നൽകിയിരിക്കുകയാണ്.
ചോക്കാട് പരുത്തിപ്പറ്റ ഹരിജൻകുന്ന് പ്രദേശം കുടിവെള്ളത്തിനുവേണ്ടി പതിറ്റാണ്ടുകളോളമായി വളരെ പ്രയാസം അനുഭവിക്കുകയാണ്. കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതിയാണ് ഒരു തുള്ളി വെള്ളം നൽകുന്നില്ലെങ്കിലും പദ്ധതി പൂർത്തീകരിച്ചതായി വിവരാവകാശ രേഖയിലുള്ളത്.
ജനങ്ങളുടെ ദുരിതം ചൂഷണം ചെയ്ത് വൻ അഴിമതിയാണ് കുടിവെള്ള പദ്ധതിയുടെ പേരിൽ നടത്തിയിട്ടുള്ളതെന്നും ഡി.വൈ.എഫ്.ഐ ചോക്കാട് മേഖല സെക്രട്ടറി കെ. റനീദ്, പ്രസിഡന്റ് റിയാസ് തെച്ചിയോടൻ എന്നിവർ അറിയിച്ചു.
അതേസമയം, ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് നടത്തിയ കുടിവെള്ളപദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ടെന്നും വൈദ്യുതീകരണത്തിനായി ചോക്കാട് ഗ്രാമപഞ്ചായത്ത് 1.60 ലക്ഷം രൂപ അനുവദിച്ചതായും പദ്ധതി വൈകാതെ യാഥാർഥ്യമാകുമെന്നും ചോക്കാട് പഞ്ചായത്ത് പ്രസിഡൻറും വാർഡ് അംഗവുമായ ഇ.പി. സിറാജുദ്ദീൻ അറിയിച്ചു.