നിലമ്പൂർ: വംശനാശഭീഷണി നേരിടുന്ന 29.850 കിലോ രക്തചന്ദനത്തടികളുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. കോഴിക്കോട് നല്ലളം പുതുകോവിലകം ഇബ്നുൽ ഫാരിസ് (29), കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ കണ്ണംകുളത്തിൽ തസ്ലിൻ (24) എന്നിവരെയാണ് നിലമ്പൂർ ഫ്ലയിങ് സ്ക്വാഡും കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ വനപാലകരും ചേർന്ന് നടത്തിയ പരിശോധനക്കിടെ അരീക്കോട്ടുനിന്ന് പിടികൂടിയത്.
ചെത്തിമിനുക്കിയ ഏഴു തടികളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വ്യാപാരം നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇരുചക്രവാഹനവും പ്രതികളിൽനിന്ന് പിടിച്ചെടുത്തു.
നിലമ്പൂർ റിസർവ് ഫോഴ്സ് റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി. രാജേഷ്, നിലമ്പൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എൻ.പി. പ്രദീപ് കുമാർ, കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഷിജി, ദിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. ബാലു, മുനീറുദ്ദീൻ, ഫോറസ്റ്റ് വാച്ചർ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.