നിലമ്പൂർ: മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് നേടിയ വി.ജി. ലീനാകുമാരിക്ക് ലഭിച്ചത് അർഹതക്കുള്ള അംഗീകാരം. നിലമ്പൂർ ഗവ. മാനവേദനിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോളജി അധ്യാപികയാണ്.
വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് സംസ്ഥാന അവാർഡ് തേടിയെത്തിയെത്തിയത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയാണ് അവാർഡ്. തിരുവനന്തപുരം സ്വദേശിയാണ്. അധ്യാപക മേഖലയിൽ 17 വർഷത്തെ സേവനമുണ്ട്. 2017ൽ കേരള യൂനിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദത്തിൽ ഒന്നാം റാങ്കും സ്വർണമെഡലും ലഭിച്ചിട്ടുണ്ട്. ‘ഇൻഫർമേഷൻ ടെക്നോളജി ലോ’ എന്ന പേരിൽ പുസ്തകം എഴുതിയിട്ടുണ്ട്.
വിവിധ മേഖലകളിൽ റിസോഴ്സ് പേഴ്സനായി പ്രവർത്തിച്ചുവരുന്നു. പത്തനംത്തിട്ട കലഞ്ഞൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിലൂടെയാണ് അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം ജി.വി.എച്ച്.എസ്.എസ് വലിയതുറ, തിരുവനന്തപുരം ജി.വി.എച്ച്.എസ്.എസ് പേട്ട എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വർഷമായി നിലമ്പൂർ ഗവ. മാനവേദനിലാണ്. നിലവിൽ നാഷനൽ സർവിസ് സ്കീമിന്റെ പ്രോഗ്രാം ഓഫിസറാണ്. ഭർത്താവ്: തിരുവനന്തപുരം ശ്രീകാര്യം മിഥുനം വീട്ടിൽ കെ. ആത്മകുമാർ. മൂത്ത മകൾ നമിത എ. നായർ നിയമ വിദ്യാർഥിയും മകൻ നന്ദകിഷോർ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്.