പൊന്നാനി: അമൃത് പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിക്കുകയും മഴ പെയ്തതോടെ തകർന്നടിയുകയും ചെയ്ത പൊന്നാനി ദേശീയപാതയുടെ പുനർനിർമാണം ആഗസ്റ്റ് 31നകം പൂർത്തീകരിക്കണമെന്ന പി. നന്ദകുമാർ എം.എൽ.എയുടെ അന്ത്യശാസനത്തിന് പുല്ലുവില നൽകി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും. അമൃത് പദ്ധതിയെത്തുടർന്ന് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനർ നിർമാണത്തിൽ ചെറുവിരലനക്കാതെ ഉദ്യോഗസ്ഥർ.
അറ്റകുറ്റപണികൾ വൈകുന്നതിനെത്തുടർന്ന് ജൂലൈ 25ന് വിളിച്ചുചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരം പഴിചാരിയപ്പോഴാണ് പ്രവൃത്തി പൂർത്തീകരണത്തിന് എം.എൽ.എ അന്ത്യശാസനം നൽകിയിരുന്നത്. ആഗസ്റ്റ് 31നകം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പഴയ ദേശീയപാത വിഭാഗത്തിന് കൈമാറാൻ യോഗത്തിൽ തീരുമാനിച്ചിരുന്നു. വാട്ടർ അതോറിറ്റി കൈമാറുന്ന മുറക്ക് ടാറിങ് പ്രവൃത്തികൾ ആരംഭിക്കുമെന്ന് എൻ.എച്ച് വിഭാഗം ഉറപ്പ് നൽകി. ഇത് പാലിക്കപ്പെടാത്ത പക്ഷം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു എം.എൽ.എ മുന്നറിയിപ്പ് നൽകിയത്.
എന്നാൽ, സമയപരിധി കഴിഞ്ഞിട്ടും എം.എൽ.എയുടെ നിർദേശത്തെ പാടെ അവഗണിച്ച് ഒരു അറ്റകുറ്റപ്പണിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ജൽ ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ റീടാറിങ് പൂർത്തീകരിച്ചെങ്കിലും അമൃത് പദ്ധതിക്കായി പൊളിച്ച റോഡുകളുടെ പുനർ നിർമാണമാണ് വൈകുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള റോഡുകളുടെ അറ്റകുറ്റപണികൾക്കായി പൊന്നാനി നഗരസഭ ഒരുകോടി 20 ലക്ഷം രൂപ വാട്ടർ അതോറിറ്റിക്ക് നൽകിയിരുന്നു. ഈ തുക ദേശീയപാത അധികൃതർക്ക് കൈമാറിയതിനാൽ ദേശീയപാത വിഭാഗം തന്നെ പുനർനിർമാണം നടത്തണമെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. എന്നാൽ, പൈപ്പിടൽ പ്രവൃത്തിക്ക് ശേഷം റോഡ് കൈമാറാൻ വൈകുന്നതാണ് അറ്റകുറ്റപണി നീളാൻ ഇടയാക്കുന്നതെന്നാണ് എൻ.എച്ച് വിഭാഗം പറയുന്നത്.