പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ ലോഡിങ് ഏരിയയുടെ നിർമാണം പുരോഗമിക്കുന്നു. പ്രധാനമന്ത്രിയുടെ മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരമാണ് നിർമാണം നടക്കുന്നത്.
18 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളാണ് ഹാർബറിൽ നടക്കുന്നത്. ലേല ഹാളിനോട് ചേർന്നാണ് മത്സ്യങ്ങൾ കയറ്റിറക്ക് ചെയ്യാൻ കൂടുതൽ സൗകര്യമെന്ന ലക്ഷ്യത്തോടെ കേന്ദ്രം നിർമിക്കുന്നത്. പൂർണമായും മേൽക്കൂരയോട് കൂടിയ തരത്തിലാണ് നിർമാണം. വലിയ വാഹനങ്ങളെല്ലാം പഴയ ലേല ഹാളിന് മുന്നിലാണ് നിർത്തിയിടുന്നത്.
ഈ ഭാഗത്തേക്ക് തലച്ചുമടായി മത്സ്യം കൊണ്ടുവന്നാണ് വാഹനങ്ങളിൽ കയറ്റുന്നത്. മഴയും വെയിലുമേൽക്കുന്നതിനാൽ വാഹനങ്ങളിലെത്തുന്ന മത്സ്യം കേടുവരാൻ സാധ്യതയേറെയാണ്. ഇതിനാലാണ് മേൽക്കൂരയോട് കൂടിയ ഫിഷ് ലോഡിങ് ഏരിയ നിർമിക്കുന്നത്. ഇതിനോടൊപ്പം ഹാർബറിലെ മറ്റു വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.