വള്ളിക്കുന്ന്: നാടെങ്ങും പകർച്ചവ്യാധികൾ പടരുമ്പോഴും കടലുണ്ടിക്കടവ് അഴിമുഖത്തെ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിച്ച് അധികൃതർ. മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയിലെ കടലുണ്ടിക്കടവ് പാലത്തിന്റെ തൂണിനോട് ചേർന്ന് രൂപംകൊണ്ട മണൽതിട്ടയിലാണ് വൻ തോതിൽ മാലിന്യം അടിഞ്ഞത്. ശക്തമായ മഴയിൽ കടലുണ്ടി പുഴയിലൂടെ ഒഴുകിയെത്തിയ മാലിന്യമാണ് തിട്ടയിലും പാലത്തിന്റെ തൂണുകളോട് ചേർന്നും അടിഞ്ഞത്. പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, കവറുകൾ, ചെരുപ്പുകൾ ഉൾപ്പെടെയുള്ളവ മാലിന്യത്തിലുണ്ട്. പുഴയിലും മറ്റും നിക്ഷേപിച്ചതും മഴയിൽ തോട്ടിലൂടെയും മറ്റും ഒഴുകിയെത്തിയതുമാണ് ഇവ. നിരവധി ആളുകൾ കുടുംബ സമേതം എത്തുന്ന പ്രദേശം കൂടിയാണിത്. അതിർത്തി ആയതിനാൽ ഇരു ജില്ലകളിലെയും ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ കണ്ടതായി നടിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
2024-07-26