കുറ്റിപ്പുറം: പതിറ്റാണ്ടുകളായുള്ള ഇരുകരക്കാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. തവനൂർ-തിരുനാവായ പാലം നിർമാണോദ്ഘാടനം ജൂലൈ 26ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. പാലം നിർമാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനയുൾപ്പെടെ എല്ലാം പൂർത്തിയായെങ്കിലും ടെൻഡർ തുകയുമായി ബന്ധപ്പെട്ട സർക്കാർ അനുമതിയായിരുന്നു ആദ്യം തടസ്സം. ഈ തടസ്സമെല്ലാം നീക്കിയപ്പോൾ ഡിസൈനിൽ കിഫ്ബിയുടെ അന്തിമ അനുമതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയായിരുന്നു.
അപ്രോച്ച് റോഡുൾപ്പെടെ 1180 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് നിർമാണം. പാലത്തിൽ രണ്ടുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. തവനൂരിലെ പാലവും കുമ്പിടി റെഗുലേറ്റർ കം ബ്രിഡ്ജും യാഥാർഥ്യമായാൽ കുറ്റിപ്പുറത്തിനും പൊന്നാനിക്കുമിടയിൽ ഭാരതപ്പുഴയിലുള്ള പാലങ്ങളുടെ എണ്ണം അഞ്ചാകും. 2009 ജൂലൈ 14നാണ് പാലത്തിന് സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി ലഭിച്ചത്. 2021ലാണ് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത്. പുത്തനത്താണിയിൽനിന്ന് തിരുനാവായ വഴി എത്തുന്ന വാഹനങ്ങൾക്ക് നിർദിഷ്ട പാലം കയറി തവനൂരിലെത്തിയാൽ പൊന്നാനി ദേശീയപാതവഴി യാത്ര ചെയ്യാനാകും. കോഴിക്കോട്-കൊച്ചി യാത്രയുടെ ദൂരം ഗണ്യമായി കുറയുകയും ചെയ്യും. ത്രിമൂർത്തി സംഗമസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ തീർഥാടന ടൂറിസം രംഗത്തും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.