അരീക്കോട്: കാവനൂർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി. കോൺഗ്രസ് പിന്തുണയിൽ സി.പി.എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ആറാം വാർഡ് അംഗം സുനിത കുമാരിയെയാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
മുസ്ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് ഷഹർബാൻ ഷെരീഫ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് വ്യാഴാഴ്ച രാവിലെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ മുസ്ലിം ലീഗിന് ഒമ്പതും സി.പി.എമ്മിന് ഏഴും കോൺഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ഫൗസിയ സിദ്ദീഖിനും കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച സി.പി.എമ്മിലെ സുനിത കുമാരിക്കും ഒമ്പതു വീതം വോട്ടുകളാണ് ലഭിച്ചത്. ഒരു എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ നറുക്കെടുപ്പിലൂടെയാണ് സുനിത കുമാരിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
പഞ്ചായത്തിലെ മട്ടത്തിരിക്കുന്നിൽ പ്രവർത്തിക്കുന്ന എം.സി.എഫുമായി ബന്ധപ്പെട്ട് മാസങ്ങളായി ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം ആരംഭിച്ചിട്ട്. നിലവിൽ മട്ടത്തിരിക്കുന്നിലെ പഞ്ചായത്തിന്റെ സ്ഥലത്താണ് എം.സി.എഫിന്റെ അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നത്.
നേരത്തേ പഞ്ചായത്ത് കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. തുടർന്ന് സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരമാണ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മട്ടത്തിരിക്കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതോടെയാണ് ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം ഉടലെടുത്തത്.
സംഭവത്തിൽ എം.എൽ.എമാരായ പി.കെ. ബഷീർ, എ.പി. അനിൽകുമാർ തുടങ്ങിയവർ നിരവധി തവണ ഇടപെട്ടെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം പാസാക്കിയിരുന്നു. എന്നാൽ, ഈ സമയം ഏറനാട് മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കോൺഗ്രസുമായി ഒത്തുതീർപ്പിലെത്തിയതോടെ അവിശ്വാസം പരാജയപ്പെട്ടു.
തുടർന്ന് വീണ്ടും വിഷയത്തിൽ ചർച്ച നടന്നെങ്കിലും മട്ടത്തിരിക്കുന്നിലെ എം.സി.എഫ് മാറ്റാൻ പഞ്ചായത്ത് പ്രസിഡന്റ് തയാറാകാത്തതിനാൽ കോൺഗ്രസ് കടുത്ത നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് രാജിവെച്ചു. തുടർന്ന് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പിന്തുണയിൽ സി.പി.എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ഇത് ഏറനാട് മണ്ഡലത്തിലെ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി.