മഞ്ചേരി: ലോക്സഭ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് കോണി കയറാൻ കൈ പിടിച്ച് മഞ്ചേരി നിയമസഭ മണ്ഡലം. 3,00,118 വോട്ടിന് വിജയിച്ച് ഇ.ടിക്ക് 42,320 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം മണ്ഡലത്തിൽ നിന്ന് ലഭിച്ചു. മണ്ഡല ചരിത്രത്തിലാദ്യമായാണ് ഭൂരിപക്ഷം നാൽപ്പതിനായിരം കടക്കുന്നത്. മഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭാ മണ്ഡലം. 1,56,957 വോട്ടർമാരാണ് മണ്ഡലത്തിൽ വോട്ടുകൾ രേഖപ്പെടുത്തിയത്. ഇതിൽ 92,346 വോട്ടുകൾ ഇ.ടിക്ക് ലഭിച്ചു. പാർലമെൻറിലെ പ്രകടനവും ഇ.ടിക്ക് നേട്ടമായി. ഇടതുപക്ഷ സ്ഥാനാർഥി വി.വസീഫിനാകട്ടെ 50,026 വോട്ടുകളാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർഥി ഡോ. അബ്ദുൽസലാം 12,823 വോട്ടുകളിലൊതുങ്ങി. വിവിധ ഘട്ടങ്ങളിലായി മണ്ഡലത്തിൽ ഇ.ടി നടത്തിയ റോഡ് ഷോ, കുടുംബ സംഗമങ്ങൾ, വിദ്യാർഥി റാലി എന്നിവയും പ്രവർത്തകരുടെ വീടുകയറിയുള്ള വോട്ടഭ്യർഥനയുമെല്ലാം ഫലം കണ്ടു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലീഗിന് ഭൂരിപക്ഷത്തിൽ 6692 വോട്ടുകൾ വർധിച്ചു. തൃക്കലങ്ങോട് -6383, പാണ്ടിക്കാട് -7956, മഞ്ചേരി-16575, കീഴാറ്റൂർ -6466, എടപ്പറ്റ -4878 എന്നിങ്ങനെയാണ് മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഇ.ടിക്ക് ലഭിച്ച വോട്ടുകൾ. മണ്ഡലത്തിലെ 178 ബൂത്തുകളിൽ ചുരുക്കം ചിലതിൽ മാത്രമാണ് വസീഫിന് ഭൂരിപക്ഷം ലഭിച്ചത്. മറ്റു ബൂത്തുകളിലെല്ലാം വ്യക്തമായ ഭൂരിപക്ഷം നൽകിയാണ് മണ്ഡലം യു.ഡി.എഫിന്റെ കോട്ടയാണെന്ന് ഉറപ്പിച്ചത്.
2019ൽ മഞ്ചേരി നഗരസഭയിൽ നിന്ന് 13087 വോട്ടുകൾ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരുന്നു. തൃക്കലങ്ങോട് -5267, പാണ്ടിക്കാട് -7506, കീഴാറ്റൂർ -5851, എടപ്പറ്റ -3917 എന്നിങ്ങനെയായിരുന്നു അന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. എന്നാൽ, കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മഞ്ചേരി മണ്ഡലത്തിൽ നിന്ന് 12,743 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അബ്ദുസമദ് സമദാനിക്ക് ലഭിച്ചത്. മണ്ഡലത്തിൽ നിന്ന് ആകെ 74,427 വോട്ടുകൾ സമദാനിക്ക് ലഭിച്ചു. എന്നാൽ 61,684 വോട്ടുകൾ നേടി ഇടതുസ്ഥാനാർഥി വി.പി. സാനു കരുത്തുകാട്ടി. മലപ്പുറത്ത് നിന്ന് 1,14,615 വോട്ടുകൾക്കായിരുന്നു സമദാനിയുടെ വിജയം. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.യു.എ. ലത്തീഫിന് 78,836 വോട്ടുകൾ ലഭിച്ചപ്പോൾ സി.പി.ഐ സ്ഥാനാർഥിയായിരുന്ന ഡിബോണ നാസറിന് 64,263 വോട്ടുകളാണ് ലഭിച്ചത്. 14,573 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യു.എ. ലത്തീഫിന്റെ വിജയം. തൃക്കലങ്ങോട് -2328, മഞ്ചേരി -7130, പാണ്ടിക്കാട് -672, കീഴാറ്റൂർ -2795, എടപ്പറ്റ -1578 എന്നിങ്ങനെയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുനില.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യക്തമായ ഭൂരിപക്ഷം നിലനിർത്താൻ ഇത്തവണ യു.ഡി.എഫിനും ഇ.ടിക്കും സാധിച്ചു. എൽ.ഡി.എഫിനാകട്ടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 14,237 വോട്ടിന്റെ ഇടിവുണ്ടായി.
യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഭൂരിപക്ഷം വർധിക്കാൻ ഇടയാക്കിയതെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.