മലപ്പുറം: ഇ.ടിയുടെ ഇടി, സമദാനിയുടെ പ്രഹരം. ഇടതുപക്ഷത്തിന്‍റെ സമാധാനം കളഞ്ഞ് ഇരുവരുടേയും റെക്കോർഡ് വിജയം. ജില്ലയിൽ സി.പി.എം പ്രതീക്ഷകൾ തകർത്തെറിഞ്ഞ് ലീഗിന്‍റെ പടയോട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് മലപ്പുറത്ത് ഇ.ടിക്കും പൊന്നാനിയിൽ സമദാനിക്കും ലഭിച്ചത്. ഇ.ടിയെ നേരിടാൻ യുവസ്ഥാനാർഥിയെ കളത്തിലിറക്കിയിട്ടും മലപ്പുറത്ത് ലീഗ് കോട്ടയിൽ തൊടാൻപോലും ഇടതിനായില്ല.
വി. വസീഫ് പ്രചാരണത്തിൽ നേടിയ മേൽക്കൈ വോട്ടായി മാറിയില്ല. സി.എ.എ മുഖ്യ പ്രചാരണായുധമാക്കി മുഖ്യമന്ത്രിയടക്കം പങ്കെടുത്ത റാലികൾ സംഘടിപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകളിൽ ഇളക്കം സൃഷ്ടിക്കാൻ സാധിച്ചില്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ജില്ലയിൽ പൊതുവെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച സി.പി.എമ്മിന് ഈ നേട്ടം നിലനിർത്താനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൽ.ഡി.എഫിന്‍റെ നാല് അസംബ്ലി മണ്ഡലങ്ങളുള്ള പൊന്നാനിയിലും ഇടതിന്‍റെ പ്രകടനം ദയനീയമായിരുന്നു.
സമദാനിയുടെ വ്യക്തിപ്രഭാവംകൂടി വോട്ടായപ്പോൾ സി.പി.എം കേന്ദ്രങ്ങളിൽപോലും യു.ഡി.എഫ് ആധിപത്യം നേടി. ഇടതിന് വ്യക്തമായ മുൻതൂക്കമുള്ള പൊന്നാനി അസംബ്ലി മണ്ഡലത്തിൽ 15416 വോട്ടുകളുടെ ഭൂരിപക്ഷമാണ് സമദാനിക്ക് ലഭിച്ചത്. തവനൂരിലും തൃത്താലയിലും താനൂരിലും യു.ഡി.എഫ് മുന്നേറ്റം നടത്തി.