മങ്കട: മങ്കട നിയമസഭ മണ്ഡലത്തിൽ നില മെച്ചപ്പെടുത്തി യു.ഡി.എഫ്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷം 35,265 വോട്ടാണ്. എന്നാല്‍ ഇത്തവണ ഇ.ടി. മുഹമ്മദ് ബഷീര്‍ എതിര് സ്ഥാനാർഥി വി. വസീഫിനെതിരെ 41,033 വോട്ടിന്റെ ഭൂരിപക്ഷം നേടി. (വർധന 5768 വോട്ട്).
യു.ഡി.എഫിന് മേൽക്കൈയുള്ള മണ്ഡലമെങ്കിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മങ്കട മണ്ഡലത്തിലെ വോട്ടുകള്‍ക്ക് മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്.
2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ.അഹമ്മദിന് (യു.ഡി.എഫ്) 23,466 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലമാണ് മങ്കട. എന്നാല്‍ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലീഡ് 19,262 വോട്ടായി ചുരുങ്ങി.
എങ്കിലും 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരാളിയായ എല്‍.ഡി.എഫ് സ്ഥാനാർഥി വി.പി. സാനുവിനെതിരെ 35, 265 വോട്ടിന്റെ ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടി നേടി. 2019ലേതിനു സമാനമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഇത്തവണയും യു.ഡി.എഫിനുണ്ട്. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മങ്കട, അങ്ങാടിപ്പുറം പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ നിര്‍ണായകമാണ്. എന്നാല്‍ എല്‍.ഡി.എഫിന്റെ വോട്ടിലും വർധനവുണ്ട്.
2019 നെ അപേക്ഷിച്ച് 2024ല്‍ എല്‍.ഡി. എഫിന് 1412 വോട്ട് അധികം ലഭിച്ചു. എന്നാല്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 444 വോട്ടിന്റെ വർധനയാണുണ്ടായത്.