കൊണ്ടോട്ടി: നഗരസഭ അധ്യക്ഷ പദവി പങ്കുവെക്കുന്നതിനെ ചൊല്ലി കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായ ഭിന്നതക്കൊടുവില്‍ മുന്നണി തീരുമാനപ്രകാരം മുസ്ലിം ലീഗ് അംഗം അഷ്റഫ് മടാന്‍ രാജിവെച്ച ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക് മുസ്ലിം ലീഗിലെതന്നെ കെ.പി. ഫിറോസിനെ തെരഞ്ഞെടുത്തു. 30ാം വാര്‍ഡ് കൗണ്‍സിലറായ ഫിറോസ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സമിതിയിലെ ഏഴ് അംഗങ്ങളില്‍ അഞ്ചുപേരാണ് ഹാജരായത്. ഏക സി.പി.എം അംഗം ഷാഹിദ നമനിര്‍ദേശ പത്രിക സമര്‍പ്പിച്ചില്ല. ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പത്രിക നല്കിയ കെ.പി. ഫിറോസിനെ വിജയിയായി പ്രഖ്യാപിച്ചു.
ഭരണത്തിലേറി ആദ്യ മൂന്നുവര്‍ഷം അധ്യക്ഷ പദവി ലീഗിനും അവസാന രണ്ടുവര്‍ഷം കോണ്‍ഗ്രസിനുമെന്ന മുന്നണി ധാരണ പാലിച്ചില്ലെന്ന ആരോപണം ഉയര്‍ത്തി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് അംഗങ്ങളായ പി. സനൂപ് മാസ്റ്റര്‍ ഉപാധ്യക്ഷ സ്ഥാനവും അബീന പുതിയറക്കല്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു.
പിന്നീട് നടന്ന ചര്‍ച്ചയില്‍ നഗരസഭ അധ്യക്ഷ പദവി ജൂണ്‍ മാസത്തോടെ കോണ്‍ഗ്രസിന് നല്‍കാമെന്ന് മുന്നണി ധാരണയിലെത്തുകയും ഇതിന്റെ ഭാഗമായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ച 32ാം വാര്‍ഡ് കൗണ്‍സിലര്‍ മുസ്ലിം ലീഗിലെ അഷ്റഫ് മടാനെ നഗരസഭ ഉപാധ്യക്ഷനായും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെതന്നെ നിത സഹീറിനേയും തെരഞ്ഞെടുത്തിരുന്നു.
ഉപാധ്യക്ഷന്റേയും സ്ഥിരം സമിതി അധ്യക്ഷരുടേയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്നാണ് വിവരം. നിലവിലെ അധ്യക്ഷയായ മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം രാജിവെച്ചിട്ടില്ല. ജൂണ്‍ രണ്ടാം വാരത്തോടെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് മുന്നണി കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിനുശേഷം നടന്ന അനുമോദന യോഗത്തില്‍ നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി അധ്യക്ഷത വഹിച്ചു.
ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി. മിനി മോള്, റംല കോടവണ്ടി, നിത സഹീര്‍, കൗണ്‍സിലര്‍മാരായ കോട്ടയില്‍ വീരാന്‍ കുട്ടി, കെ.കെ. ഫാറൂഖ്, താന്നിക്കല്‍ ചെറിയാപ്പു, ഷാഹിദ, സൗമ്യ, ജിന്‍ഷ, ഉമ്മുകുല്‍സു, കെ.കെ. ബിന്ദു, സെക്രട്ടറി ഫിറോസ് ഖാന്, റവന്യൂ ഇന്‍സ്പെക്ടര്‍ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.