തേഞ്ഞിപ്പലം: വിരമിക്കുന്നതിന് മുമ്പായി കലാപ്രദര്‍ശനത്തിലൂടെ പുതിയൊരു റെക്കോഡിന് തയാറെടുക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ആര്‍ട്ടിസ്റ്റ് ഫോട്ടോ ഗ്രാഫറും ചിത്രകാരനുമായ സന്തോഷ് മിത്ര. കടലാസ്, തുണി, തുകല്‍, മരം, ഇല, മുള, പിച്ചള തുടങ്ങി പത്തിലേറെ പ്രതലങ്ങളില്‍ വിവിധ മാധ്യമങ്ങളുപയോഗിച്ച് തയാറാക്കിയ ചിത്രങ്ങളും ശിൽപങ്ങളുമെല്ലാം മിത്രവര്ണങ്ങള് എന്ന പേരിലാണ് കാഴ്ചക്കാരിലെത്തുക. ഈ മാസം 31ന് സേവനത്തില്‍ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി 28, 29 തീയതികളില്‍ കാമ്പസിനകത്ത് സുവര്‍ണജൂബിലി ഓപണ്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് പരിപാടി. ചൊവ്വാഴ്ച രാവിലെ 11 ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.
ഗാന്ധിചെയറിന്റെ ആഭി മുഖ്യത്തില്‍ ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ 101 കലാകാരന്മാര് ചേര്‍ന്ന് 103 മീ. നീളമുള്ള കാന്‍വാസില്‍ ചിത്രീകരിച്ച ഗാന്ധി പഥം പരിപാടിക്ക് നേതൃത്വം നല്‍കിയത് സന്തോഷ് മിത്രയാണ്. ഇത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെ ക്കോഡ്, ഇന്ത്യന്‍ ബുക്ക് ഓഫ് റെ ക്കോഡ് എന്നിവയില്‍ ഇടം നേടി. 1985 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ചിത്രകലാരംഗത്തെ അവാര്‍ഡുകള്‍, ക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ കണക്കിലെടുത്ത് വ്യക്തിപരമായും ഇതേ റെക്കോഡ് പുസ്തകങ്ങളില്‍ ഇദ്ദേഹത്തിന്റെ പേര് പതിഞ്ഞിട്ടുണ്ട്. നേപ്പാളില്‍ നിന്നുള്ള അന്താരാഷ്ട്ര ക്രിവോണ് പുരസ്കാരം, ദേശീയ രാഷ്ട്രീയ രത്ന അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ചിത്രകാരനാണ് സന്തോഷ് മിത്ര. ഒട്ടേറെ ചിത്രകലാ ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നോര്‍ത്ത് പറവൂര്‍ തെക്കേ ത്തുരുത്ത് തൈപ്പുരയില്‍ മിത്രന്- പണിക്കശ്ശേരി വീട്ടില്‍ യമുന ദമ്പ തികളുടെ മകനാണ് സന്തോഷ്. 25 വര്‍ഷമായി സര്‍വകലാശാലയില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറാണ്.