തിരൂർ: മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ രണ്ടറ്റങ്ങളിലേക്കുള്ള ഏക ഗതാഗത മാർഗമായ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് അപകടത്തിലായി മാസങ്ങൾ പിന്നിട്ടിട്ടും അനക്കമില്ലാതെ അധികൃതർ. പാലത്തിന്റെ കേടുപാടുകൾ തീർക്കുകയോ, പുതുക്കി പണിയുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുറത്തൂർ പഞ്ചായത്തിലെ 1,18,19 എന്നീ മൂന്ന് വാർഡുകളും മംഗലം പഞ്ചായത്തിലെ 1,15,16,17,18,19,20 എന്നീ ഏഴ് വാർഡുകളും പാലത്തിനപ്പുറത്താണ്.
മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം കഴിഞ്ഞ ബജറ്റിന് മുമ്പ് തിരുവനന്തപുരത്ത് പോയി തവനൂർ മണ്ഡലം എം.എൽ.എ കെ.ടി. ജലീലിന്റെ സാന്നിധ്യത്തിൽ വകുപ്പ് മന്ത്രിയെ കണ്ട് പാലത്തിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല.
പാലത്തിന്റെ കൂട്ടായി ഭാഗത്ത് പുതുതായി നിർമിച്ച തുണുകളിൽ മൂന്നെണ്ണമാണ് അപകടാവസ്ഥയിലുള്ളത്. ഇത് കണക്കിലെടുത്ത് കലക്ടർ ഇടപെട്ട് വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി അപ്രോച്ച് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞതോടെ ഇത് തകർന്നിരുന്നു. അതിനാൽ നിലവിൽ വലിയ വാഹനങ്ങൾ ഉൾപ്പടെയുള്ളവ പാലത്തിലൂടെ തന്നെയാണ് സർവിസ് നടത്തുന്നത്.