പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ (46), സ്രാങ്ക് അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം (39) എന്നിവരാണ് മരിച്ചത്. നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളും നാവികസേനയുമാണ് തിരച്ചിൽ നടത്തിയത്.
പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവരാജ് സാഗർ എന്ന കപ്പലിടിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
കരയിൽ നിന്ന് മുപ്പത്തിയെട്ട് നോർത്ത് 48 ഈസ്റ്റ് അകലെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ മത്സ്യബന്ധബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങി. മലയാളികൾ ഉൾപ്പെടെ ആറു പേർ ബോട്ടിലുണ്ടായിരുന്നു. ഇവരിൽ നാലു പേരെയാണ് കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തിയത്.
പൊന്നാനിയിൽ നിന്നും വെള്ളിയായ്ച രാത്രിയാണ് ‘ഇസ്‌ലാഹ്’ ബോട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.