കൊച്ചി: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസിനെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു.
2021 ജൂൺ 22ന് നടന്ന എം.എസ്.എഫ് നേതൃയോഗത്തിൽ പി.കെ. നവാസ് വനിതാ നേതാവിന് നേരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ വെള്ളയിൽ പൊലീസെടുത്ത കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന തുടർ നടപടികളാണ് രണ്ടാഴ്ചത്തേക്ക് ജസ്റ്റിസ് ജി. ഗിരീഷ് സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കാൻ നവാസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പരാതി ഒത്തുതീർപ്പാക്കിയതായി ആരോപണമുന്നയിച്ച വനിതാ നേതാവ് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സർക്കാറിന്‍റെയടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും മേയ് 17ന് പരിഗണിക്കാൻ മാറ്റി.
നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങള്‍ വനിതാ നേതാവിനു നേരെ നടന്ന ലൈംഗികാധിക്ഷേപം സംബന്ധിച്ച പരാതി വനിതാ കമീഷന് നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് നവാസിന്‍റെ ഹരജിയിൽ സ്റ്റേ അനുവദിച്ചത്.