മലപ്പുറം: ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പോരാടാൻ രണ്ട് മലപ്പുറം സ്വദേശികളും കച്ചമുറുക്കുന്നു. മാർച്ച് 28 മുതൽ 30 വരെ റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നോയിഡയിൽ നടക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനാണ് മലപ്പുറത്തിന്റെ ജൂനിയർ കരുത്ത് ഒരുങ്ങുന്നത്. മക്കരപ്പറമ്പ് കരിഞ്ചാപ്പാടി സ്വദേശി നഫ്സിൽ കമ്മയും താഴേക്കോട് സ്വദേശി പി.കെ. മനീഷ് കുമാറുമാണ് കോഴിക്കോട് നടന്ന സംസ്ഥാനതല മത്സരത്തിൽ യോഗ്യത നേടി നോയിഡയിലേക്ക് യാത്ര തിരിക്കുന്നത്. നഫ്സൽ 79 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. നഫ്സലിന്റെ പിതാവ് നൗഫൽ കമ്മാപ്പ മുൻ ഗുസ്തി താരമാണ്. അഞ്ചുതവണ തുടർച്ചയായി കാലിക്കറ്റ് യൂനിവേഴസ്സിറ്റിയിൽ ഗുസ്തി ചാമ്പ്യനായ വ്യക്തിയാണ് നൗഫൽ കമ്മാപ്പ. ഗുസ്തിയിൽ ദക്ഷിണേന്ത്യൻ ചാമ്പ്യൻപട്ടവും അദ്ദേഹം കീഴടിക്കിയിരുന്നു.
ഈ പാത പിന്തുടർന്നാണ് മകൻ നഫ്സലും ഗുസ്തിയിൽ പുതിയ നേട്ടം തേടി യാത്രയാവുന്നത്. കോച്ച് റിയാസിന്റെ കീഴിലാണ് പരിശീലനം. നഫ്സൽ കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് അസോസിയേഷന്റെ കീഴിൽ നടന്ന ശരീര സൗന്ദര്യമത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽ വെള്ളിമെഡലും കരസ്ഥമാക്കിയിരുന്നു. മേൽമുറി എം.സി.ടി ട്രെയിനിങ് കോളിജിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. ജസിയയാണ് നഫ്ലസിന്റെ മാതാവ്. താഴേക്കോട് സ്വദേശിയായ മനീഷ് കുമാർ 57 കിലോ വിഭാഗത്തിലാണ് മത്സരത്തിനിറങ്ങുന്നത്. അഞ്ചാം വയസ്സുമുതൽ ഗുസ്തി പരിശീലന രംഗത്തുണ്ട് മനീഷ് കുമാർ. മനീഷ് ഇതുവരെ നാലുതവണ സംസ്ഥാനതലത്തിൽ ഗുസ്തി ചാമ്പ്യനായിട്ടുണ്ട്. രണ്ടുതവണ 57 കിലോ കാറ്റഗറിയിലും രണ്ട് തവണ 51 കിലോ വിഭാഗത്തിലുമായിരുന്നു മനീഷിന്റെ നേട്ടം. താഴേക്കോട് പി.ടി.എം.എച്ച്.എസ്.എസിൽ പ്ലസ്ടു വിദ്യാർഥിയാണ്.
കോച്ച് മുഷ്താഖിന്റെ കീഴിലാണ് പരിശീലനം. താഴേക്കോട് പറയാരുകുഴി വീട്ടിൽ മുരളീധരൻ-വിമല ദമ്പതികളുടെ മകനാണ്.