കരുവാരകുണ്ട്: ആദ്യ നോമ്പ് പൂർത്തിയാക്കാൻ നന്നേ പണിപ്പെട്ടു. പക്ഷേ, ശീലമായപ്പോൾ തോന്നുന്നു, നോമ്പൊരു സംഭവമാണെന്ന്. പറയുന്നത് അധ്യാപികമാരായ ദീപയും രോഹിണിയും. കരുവാരകുണ്ട് ഐഡിയൽ പബ്ലിക് സ്കൂളിലെ ഇംഗ്ലീഷ്, ഗണിത അധ്യാപികമാരായ ഇരുവരും ആദ്യ റമദാൻ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. കൊടുംവേനലിൽ 13 മണിക്കൂറിലേറെ സമയം അന്നപാനീയങ്ങൾ ഒഴിവാക്കുന്നത് വലിയ ത്യാഗമാണ്. പ്രത്യേകിച്ച് അധ്യാപികമാർ കൂടിയാവുമ്പോൾ.
സ്കൂളിലെ മുസ്ലിം ജീവനക്കാരെല്ലാം നോമ്പുകാരാണ്. കുട്ടികളും നോമ്പെടുക്കാറുണ്ട്.
അവരുടെ മുന്നിൽ വെച്ച് വെള്ളം കുടിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും മനഃപ്രയാസമുണ്ടാക്കി. അങ്ങനെയാണ് നോമ്പെടുക്കാൻ തീരുമാനിച്ചത്. വ്രതവുമായി ബന്ധപ്പെട്ട വിഡിയോകൾ കണ്ടതോടെ ആവേശവുമായി. നോമ്പെടുത്തു തുടങ്ങിയപ്പോൾ ശാരീരികമായും മാനസികമായും നല്ല മാറ്റം അനുഭവപ്പെടുന്നു. സമയം അധികം ലഭിക്കുന്നതായും തോന്നുന്നു. ഇരുവരും പറഞ്ഞു.
പ്രിൻസിപ്പലും ഐഡിയൽ കുടുംബവും നല്ല സപ്പോർട്ടും നൽകുന്നുണ്ട്. കഴിയുന്നത്ര നോമ്പുകൾ എടുക്കണം. ദീപയും രോഹിണിയും പറയുന്നു. വീട്ടിക്കുന്നിലെ കുളത്തൂർ വിനോദിന്റെ ഭാര്യയാണ് ദീപ. ഇംഗ്ലീഷിൽ ബി.എഡും ബിരുദാനന്തര ബിരുദവുമുണ്ട്.
വിനോദും ഇടക്ക് നോമ്പെടുക്കാറുണ്ട്. പുൽവെട്ടയിലെ മച്ചിങ്ങൽ സലീംകുമാറിന്റെ ഭാര്യയായ രോഹിണിക്ക് ഗണിതത്തിൽ ബി.എഡും എം.എസ് സിയുമുണ്ട്.