കൊണ്ടോട്ടി: വാട്ടര്‍ അതോറിറ്റി മലപ്പുറം പ്രോജക്റ്റ് ഡിവിഷന് കീഴില്‍ കൊണ്ടോട്ടിയില്‍ നടപ്പാക്കുന്ന കിഫ്ബി കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരാതിക്കാരുമായി സെക്രട്ടേറിയറ്റില്‍ ഹിയറിങ് നടത്തി. കിഫ്ബി പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികളുമായിട്ടായിരുന്നു ഹിയറിങ്.
9,000 മീറ്ററോളം 90 എം.എം പി.വി.സി പൈപ്പുകള്‍ റൈഡര്‍ മെയിന്‍ എന്ന പേരില്‍ ഡിസ്ട്രിബ്യൂഷന്‍ മെയിന്‍ ഇല്ലാതെ സ്ഥാപിച്ചത്, ഡിസ്ട്രിബ്യൂഷന്‍ മെയിന്‍ സ്ഥാപിക്കുമ്പോള്‍ തന്നെ ഹൗസ് കണക്ഷനുകള്‍ നല്കുന്ന വീഡിയോ ഉണ്ടായിരിക്കെ 273 പ്രഷര്‍ ടെസ്റ്റുകള്‍ നടത്തി എന്ന് വാട്ടര്‍ അതോറിറ്റി മറുപടി നല്‍കിയതിലെ വൈരുധ്യം, എന്‍.എച്ച്. കട്ടിങ് പെര്മിഷന് ലഭിക്കാതെ പ്രവൃത്തിയിലേക്കുള്ള മുഴുവന്‍ പൈപ്പുകളും കരാറുകാരെ കൊണ്ട് സപ്ലൈ ചെയ്യിച്ചത്, പ്രവൃത്തി നടക്കാത്തതുമൂലം കോടിക്കണക്കിന് രൂപയുടെ പൈപ്പുകള്‍ ഉപയോഗശൂന്യമായത്, കൊണ്ടോട്ടിയിലെയും സമീപ പഞ്ചായത്തുകളായ ചെറുകാവ്, പുളിക്കല്‍, ചീക്കോട് എന്നിവിടങ്ങളിലെ നിരന്തരമായ പൈപ്പ് പൊട്ടലുകള്‍, റോഡ് റെസ്റ്ററേഷന്‍ ഫണ്ട് വക മാറ്റിയത്, പരസ്പര വിരുദ്ധമായ വിവരാവകാശ മറുപടികള്‍, ക്രമക്കേട് മറയ്ക്കാന്‍ വ്യാജ കത്ത് തയാറാക്കിയത്, കുമ്പളപ്പാറയിലെ പുതിയ 14 ലക്ഷം ലിറ്റര്‍ ടാങ്ക് ചാര്‍ജ് ചെയ്യുന്നതിന് പകരം കാളോത്ത് പഴയ ടാങ്കിലേക്ക് ഇന്റര്‍ലിങ്ക് ചെയ്യുന്നത്, അമൃത്-ബി.പി.എല്‍ കുടിവെള്ള അപേക്ഷകള്‍ ചാര്‍ജ് ചെയ്യാത്തത് കാരണം നിരസിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരാതിക്കാര്‍ ഉന്നയിച്ചു.
പ്രൊട്ടക്ഷന്‍ ഫോറത്തിനു വേണ്ടി എം.എസ്. റഫീഖ് ബാബു, അഡ്വ. അനശ്വര ദീപ്തി, സി.പി. മുനീര്‍ അഹ്മദ് എന്നിവര്‍ ഹാജരായി. വാട്ടര്‍ റിസോഴ്സ് സ്പെഷല്‍ സെക്രട്ടറി രാരി രാജ്, ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ കൃഷ്ണ കുമാര്‍, അണ്ടര്‍ സെക്രട്ടറി ഡോ. സിബി, മലപ്പുറം സൂപ്രണ്ടിങ് എൻജിനീയര്‍ സത്യ വില്‍സണ്‍, മലപ്പുറം എക്സി. എൻജിനീയര്‍ അരുണ്‍ കുമാര്‍, ഡെപ്യൂട്ടി ലോ ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു.