കിഴിശ്ശേരി: സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. തൃശൂര്‍ വലപ്പാട് സ്റ്റേഷനിലെ എസ്.ഐ വാഴക്കാട് സ്വദേശി ഗഫൂറും മറ്റു രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിടിച്ച് ജീപ്പ് മറിയുകയായിരുന്നു.
കാറോടിച്ചിരുന്ന എടവണ്ണപ്പാറ സ്വദേശി ശ്യാംലാലിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസ്. കുഴിയംപറമ്പ് വിലാക്കാട്ടുക്കുണ്ടില് അബൂബക്കര്‍ (30), ഭാര്യ എം.പി. ഷാനിബ (22), മകള്‍ ഐറിന് ഫാത്തിമ (ഒരു വയസ്സ്), അബൂബക്കറിന്റെ സുഹൃത്തുക്കളായ മൊറയൂര്‍ വാലഞ്ചേരി പി. ഫാസില്‍ (29), കുഴിയംപറമ്പ് ടി.സി. ബഷീര്‍ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 11.35ന് കിഴിശ്ശേരി നീരുട്ടിക്കല്‍ അങ്ങാടിയിലാണ് അപകടം. കൊണ്ടോട്ടി ഭാഗത്തുനിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ബത്തേരിയില്‍നിന്ന് വരുകയായിരുന്ന ജീപ്പിലിടിക്കുകയായിരുന്നു. കാറിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. അപകടത്തില്‍പ്പെട്ടവരെ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പൊലീസില്‍ അറിയിച്ചു.
നാട്ടുകാര്‍ കാറില്‍ മദ്യക്കുപ്പികളും ഗ്ലാസും കണ്ടെത്തിയതോടെ പ്രതിഷേധം ശക്തമായി. കൊണ്ടോട്ടി പൊലീസ് മദ്യക്കുപ്പികളും മറ്റും കസ്റ്റഡിയിലെടുത്തു.
പൊലീസുകാരനേയും സംഘത്തേയും സ്റ്റേഷനിലേക്ക് മാറ്റാന്‍ പൊലീസ് നടത്തിയ ശ്രമം ആദ്യം നാട്ടുകാര്‍ തടഞ്ഞെങ്കിലും കൂടുതല്‍ പൊലീസെത്തി ഇവരെ കൊണ്ടുപോയി. സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതായി കൊണ്ടോട്ടി സി.ഐ മനോജ് അറിയിച്ചു. പരിക്കേറ്റവരെ പിന്നീട് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.