പൊന്നാനി: വില്ലേജ് ഓഫിസറായി പ്രവർത്തിക്കാൻ ആരും തയാറാവാതിരുന്ന പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ ഒടുവിൽ പുതിയ ഓഫിസറെത്തി. പൊന്നാനി താലൂക്ക് ഓഫിസിലെ ഹെഡ് ക്ലർക്ക് ആർ. ദീപുരാജാണ് നിയമിതനായത്. നേരത്തേ ഉണ്ടായിരുന്ന ഓഫിസർ ദീർഘാവധിയിൽ പോയതോടെയാണ് തസ്തിക ഒഴിഞ്ഞത്. പകരം ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർ കലക്ടർക്ക് കത്ത് നൽകുകയും എം.എൽ.എ നിർദേശം നൽകുകയും ചെയ്തിരുന്നു. പുതിയ അറേഞ്ച്മെന്റിൽ ഓഫിസറെ നിയമിക്കാനായിരുന്നു തീരുമാനം. എന്നാൽ, പൊതുജനങ്ങളുടെ പ്രയാസം വർധിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് കലക്ടർ അടിയന്തര ഇടപെടൽ നടത്തി ദീപുരാജിനെ നിയമിക്കുകയായിരുന്നു. കാലങ്ങളായി വില്ലേജ് ഓഫിസിൽ ജോലി ചെയ്യേണ്ടവരെ താലൂക്ക് ഓഫിസിൽ ഹെഡ് ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യിക്കുന്നുവെന്ന പരാതി ഉണ്ടായിരുന്നു.
കടലാക്രമണത്തിൽ സംസ്ഥാനത്ത് വലിയ നാശം സംഭവിച്ച പ്രദേശത്തെ വില്ലേജ് ഓഫിസിലാണ് ഓഫിസറില്ലാത്ത സ്ഥിതിയുണ്ടായിരുന്നത്. സമീപത്തെ ഓഫിസർക്ക് അധികചുമതല നൽകിയിരിക്കുകയായിരുന്നു. വലിയ വില്ലേജായതിനാൽ ജോലിഭാരം കാരണം ഇവിടെ ചുമതലയേൽക്കുന്നവർ മാസങ്ങൾക്കകം സ്ഥലംമാറ്റം ചോദിച്ച് പോകുകയാണ്.ചിലർ സംഘടന സ്വാധീനം ഉപയോഗിച്ചും സ്ഥലംമാറി പോകുന്നതായി ആക്ഷേപമുണ്ട്.