മഞ്ചേരി: മേലാക്കത്ത് ജല അതോറിറ്റി പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞുതാഴ്ന്നു. വെള്ളിയാഴ്ച രാവിലെ ആറോടെ മാനു ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. റോഡിനടിയിലൂടെ പോകുന്ന പൈപ്പാണ് പൊട്ടിയത്. തുടർന്നുണ്ടായ വലിയ കുഴിയിൽ അതുവഴി കടന്നുപോയ ഗുഡ്സ് ഓട്ടോയും തൊട്ടുപിന്നാലെ കാറും വീണു.തൊട്ടടുത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ തള്ളിക്കയറ്റിയത്. പൈപ്പ് പൊട്ടിയതോടെ തൊട്ടടുത്ത സ്ഥാപനത്തിലേക്കും വെള്ളം കയറി.
നേരത്തേയും ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. റോഡ് ഇടിഞ്ഞതോടെ നിലമ്പൂർ റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ജസീല ജങ്ഷൻ മുതൽ നെല്ലിപറമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. ട്രാഫിക് പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിൽ രണ്ട് ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.