മഞ്ചേരി: 17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ രണ്ട് സഹോദരങ്ങൾക്ക് 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്പില്‍ മുഹമ്മദ് ഷഫീഖ് (23), കൽപകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടില്‍ മുഹമ്മദ് ഫസല്‍ യാസീന്‍ (22) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൽപകഞ്ചേരി എസ്.ഐമാരായ കെ.എം. സൈമണ്‍, സി. രവി എന്നിവരാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
പുത്തനങ്ങാടി-തുവ്വക്കാട് പബ്ലിക് റോഡില്‍ സ്കൂട്ടര്‍ ഓടിച്ചതിന് ഒരാള്‍ പിടിയിലായപ്പോള്‍ രണ്ടാമന് പിടിയിലായത് കടുങ്ങാത്തുകുണ്ട്-പാറമ്മലങ്ങാടി റോഡില്‍ വെച്ചാണ്. മാര്‍ച്ച് 21നാണ് ഇരുവരും പിടിയിലായത്.
കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പൊലീസ് വീട്ടിലേക്കയച്ചെങ്കിലും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ആര്.സി ഉടമകളായ സഹോദരങ്ങളെ വിളിച്ചുവരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ തടവ് അനുഭവിക്കണമെന്ന് മജിസ്ട്രേറ്റ് എ.എം. അഷ്റഫ് ഉത്തരവിട്ടെങ്കിലും ഇരുവരും പിഴയടച്ച് വൈകീട്ട് അഞ്ചിനുശേഷം കോടതിയിൽനിന്ന് മടങ്ങി.