കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിൽ കാട്ടാനയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ആറിന് ശേഷമാണ് കാട്ടാനയെ കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് ഒറ്റയാൻ കോളനിക്ക് സമീപം എത്തിയത്.
കോളനി നിവാസികൾ ബഹളമുണ്ടാക്കിയതോടെ റോഡ് മുറിച്ച് കടന്ന് പുഴയിലേക്ക് ഇറങ്ങി. തലനാരിഴക്കാണ് കോളനിക്കാരും പുഴയിൽ കുളിക്കുകയായിരുന്ന യുവാക്കളും രക്ഷപ്പെട്ടത്. പുഴയിൽ വെള്ളം കുറവായതിനാലാണ് യുവാക്കൾക്ക് രക്ഷപ്പെടാനായത്.
കോളനിക്ക് സമീപം കാട്ടാനകളും മറ്റു വന്യമൃഗങ്ങളും എത്തുന്നത് പതിവാണ്. തീ ഉണ്ടാക്കിയും ബഹളം വെച്ചുമാണ് ആദിവാസികൾ വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.