പിടിയിലായ മോഹൻകുമാർ, രക്ഷപ്പെട്ട ഷബീബ്
എടവണ്ണ: തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. അരക്കുപറമ്പ് കാഞ്ഞിരത്തടം കണ്ടമംഗലത്ത് മോഹൻകുമാറിനെയാണ് (26) എടവണ്ണ എസ്.എച്ച്.ഒ വി. വിജയരാജൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മോഹൻകുമാറും മമ്പാട് സ്വദേശി പത്തായക്കടവൻ ഷബീബും ചേർന്ന് ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ഓഫിസിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു.
നിലമ്പൂർ ഡിവൈ.എസ്.പി സാജു.കെ. അബ്രഹാമിന് കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. അടുത്തിടെ ജയിൽമോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതിയെ കണ്ടെത്തിയത്.പ്രതികൾ നിരവധി മോഷണ കേസിലുൾപ്പെട്ട് ജയിൽ വാസമനുഭവിച്ചവരാണ്. പോക്സോ കേസിൽ ഉൾപ്പെട്ട മോഹൻകുമാറിനെ പട്ടാമ്പി അതിവേഗ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മറ്റൊരു പ്രതി ഷബീബിനെ വെള്ളിയാഴ്ച വൈകുന്നേരം പ്രത്യേക അന്വേഷണസംഘം പിടികൂടി എടവണ്ണ പൊലീസില്‍ ഏല്പിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ ഇയാൾ പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. നിലമ്പൂർ ഡാൻസാഫിലെ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.