നിലമ്പൂർ: നിയമാനുസൃത രജിസ്ട്രേഷൻ ഇല്ലാതെ ലക്ഷങ്ങളുടെ അനധികൃത ചിട്ടി ഇടപാട് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്യൂട്ടി പാർലർ ഉടമ നിലമ്പൂർ നെടുമുണ്ടക്കുന്ന് സ്വദേശി തരിപ്പയിൽ ഷാഹുൽ ഹമീദിനെയാണ് (32) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ടൗണിൽ ഇയാൾ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്‍റെ മറവിലായിരുന്നു പണമിടപാട്.
2500 രൂപയുടെ പ്രതിമാസ ചിട്ടിയിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പ് ലഭിക്കുന്നവർ പിന്നീട് പണമടക്കേണ്ടതില്ല എന്ന ആകർഷകമായ പരസ്യം നൽകിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ഇത്തരം ചിട്ടികളിൽ തുടക്കത്തിൽ നിക്ഷേപകർക്ക് പണം ലഭിക്കുമെങ്കിലും അവസാനമാകുമ്പോഴേക്കും നിക്ഷേപകർക്ക് മുടക്കു മുതൽ തിരിച്ചുകിട്ടാതെ സംരംഭം തകർന്നുപോവുകയാണ് പതിവ്.
ഇരുനൂറോളം പേർ ചിട്ടിയിൽ പങ്കാളികളായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ പ്രതികൾ ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇത്തരം അനധികൃത ചിട്ടി ഇടപാടിനെതിരെ വരും നാളുകളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നിർദേശപ്രകാരം എസ്.ഐ വിജയരാജൻ, എ.എസ്.ഐ റെനി ഫിലിപ് എന്നിവരും നിലമ്പൂർ ഡാൻസാഫ് അംഗങ്ങളും അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.