പൊന്നാനി: സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്‍റെ ആദ്യഘട്ടമായി മണ്ണ് പരിശോധനക്ക് തുടക്കമായി.നിലവിലെ നഗരം വില്ലേജ് ഓഫിസിനോട് ചേർന്ന ഭാഗത്താണ് ആദ്യദിനം പരിശോധന നടന്നത്. ആദ്യഘട്ടത്തിൽ മൂന്നുനില കെട്ടിടമാണ് നിർമിക്കുന്നതെങ്കിലും ഭാവി സാധ്യത പരിഗണിച്ച് അഞ്ചുനില കെട്ടിടത്തിനാവശ്യമായ തറ ഒരുക്കുന്ന തരത്തിലാണ് ബോർഹോൾ പരിശോധിക്കുന്നത്.
അഞ്ച് പിറ്റുകളിൽ മണ്ണ് പരിശോധന നടക്കും. പരിശോധന പൂർത്തീകരിച്ച് കെട്ടിടത്തിനുള്ള ഡിസൈൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കി സർക്കാറിന് സമർപ്പിക്കും.മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തെക്ക് ഭാഗത്തായാണ് അനക്സ് കെട്ടിടം നിർമിക്കാൻ ധാരണയായത്. പൊന്നാനി വില്ലേജ് ഓഫിസ് പൊളിച്ചുമാറ്റി ഈ സ്ഥലം കൂടി ഏറ്റെടുത്ത് മൂന്നുനില കെട്ടിടം നിർമിക്കാനാണ് തീരുമാനം. ഏകദേശം പന്ത്രണ്ടോളം ഓഫിസുകൾ പ്രവർത്തിക്കാൻ കഴിയുന്ന രൂപത്തിലാകും നിർമാണം. മിനി സിവിൽ സ്റ്റേഷനുമായി കണക്ട് ചെയ്യുന്ന രീതിയിലായിരിക്കും കെട്ടിട ഘടന. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യത്തോടെയുള്ള കെട്ടിടത്തിനുള്ള ഡിസൈൻ തയാറാക്കാനാണ് തീരുമാനം.
പൊന്നാനി കോടതി കെട്ടിടം ശോചനീയമായതിനാൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകളെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറാനാകും.കൂടാതെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി, കോടതി കെട്ടിടത്തിലെ ലീഗൽ മെട്രോളജി ഓഫിസ്, നഗരസഭ കാര്യാലയത്തിലേക്ക് മാറിയ ഐ.സി.ഡി.എസ് ഓഫിസ്, താലൂക്ക് ഓഫിസിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസ് എന്നിവയെല്ലാം അനക്സ് കെട്ടിടത്തിലേക്ക് മാറ്റാനാകും.