ക്ഷേത്രത്തിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

ക്ഷേത്രത്തിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

വളാഞ്ചേരി: ക്ഷേത്രത്തിൽ പ്രസാദമായ പായസം വാങ്ങാനെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് 61കാരിയെ അപായപ്പെടുത്താൻ ശ്രമിച്ച് സ്വർണാഭരണങ്ങളും പണവും കവർന്നതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഇരിക്കാരിക്കര മഠത്തിൽ വിജയലക്ഷ്മിയെ (61) വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലാണ് സംഭവം.

കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്താനും അടിച്ചുതളി ഉൾപ്പെടെ ജോലികൾ ചെയ്യാനെത്തിയതുമായിരുന്നു ഇവർ. പൊതുവെ വരുമാനം കുറഞ്ഞ ക്ഷേത്രത്തിൽ ശാന്തിക്കാരനെ മാത്രമേ നിയമിച്ചിട്ടുള്ളൂ. മറ്റു ജോലികൾ ഇവരാണ് ചെയ്യുന്നത്. കവർച്ച നടത്തിയെന്ന് പറയുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വരുകയും പ്രസാദമായ പായസം വാങ്ങി കഴിക്കാറുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു.

പൂജാരി പോയശേഷം ബുധനാഴ്ച രാവിലെ 10.30ഓടെ ക്ഷേത്രത്തിലെ പാത്രങ്ങൾ കഴുകുന്നതിനിടെ യുവാവ് വിജയലക്ഷ്മിയുടെ പിറകിലൂടെ ചെന്ന് കഴുത്തിൽ ഷാൾ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.അബോധാവസ്ഥയിലായ ഇവരുടെ ദേഹത്തുനിന്ന് വളകൾ, മാല, മോതിരം ഉൾപ്പെടെ ആറ് പവനോളം സ്വർണാഭരണങ്ങളും ബാഗിൽ സൂക്ഷിച്ച 5000 രൂപയും കവർന്നു. ബോധം തിരിച്ചുകിട്ടിയ ശേഷം ഇവർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വളാഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

കൊലപാതകശ്രമവും മോഷണവും സമഗ്രമായി അന്വേഷിച്ച് പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ടി. അനിൽകുമാർ ആവശ്യപ്പെട്ടു. വിജയലക്ഷ്മിയെ ബി.ജെ.പി ഭാരവാഹികൾ ആശുപത്രിയിൽ സന്ദർശിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹരിദാസൻ പൈങ്കണ്ണൂർ, സെക്രട്ടറി മോഹനൻ കോതോൾ, രവി അമ്പലപ്പറമ്പ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *