പെരിന്തൽമണ്ണ: 12 വർഷമായി മുടങ്ങിക്കിടക്കുന്ന അങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡിനായി കിഫ്ബി സംഘം സ്ഥലപരിശോധനക്കെത്തുന്നത് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാകുന്നു. ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തത്തിന് സമീപത്തുനിന്ന് തുടങ്ങി പെരിന്തൽമണ്ണ ഊട്ടി റോഡിലെ മാനത്തുമംഗലത്ത് അവസാനിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ബൈപാസ് പൂർത്തിയാക്കുന്ന കാര്യവും പരഗിണനയിലുണ്ട്. റോഡിനായി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടത് 36.12688 ഹെക്ടർ ഭൂമിയാണ്. 4.01 കി.മീ ദൂരം ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കാൻ 250 കോടി രൂപയെങ്കിലും പ്രാഥമികമായി കണക്കാക്കുന്നു. പദ്ധതിക്ക് തയാറാക്കിയ രൂപരേഖ, ഇതുവരെ നടത്തിയ ഒരുക്കങ്ങൾ എന്നിവ നേരിൽ കാണാൻ ഒക്ടോബർ 26ന് അങ്ങാടിപ്പുറത്ത് ഉദ്യോഗസ്ഥ സംഘം എത്തുമെന്നാണ് കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.എം. അബ്രഹാം, നജീബ് കാന്തപുരം എം.എൽ.എയെ അറിയിച്ചത്.
2022-10-22