ചേലേമ്പ്ര: എളന്നുമ്മൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കൽ ചുള്ളിയിൽ മുനീബിനെയാണ് (30) തേഞ്ഞിപ്പലം ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബൈക്ക് മോഷണത്തിന് ഉൾപ്പെടെ നേരത്തെ പിടിയിലായിട്ടുണ്ടെങ്കിലും ക്ഷേത്രമോഷണം നടത്തുന്നത് ആദ്യമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. കോട്ടക്കൽ, പരപ്പനങ്ങാടി, ഗുരുവായൂർ, ഫറോക്ക് തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. സ്വന്തം സഹോദരന്റെ മകന്റെ ഒന്നര പവൻ സ്വർണമാല മോഷ്ടിച്ചതിന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരിൽ കേസുണ്ട്.
മോഷ്ടിച്ച ബൈക്കിൽ എത്തി മോഷണം നടത്തി ബൈക്ക് അവിടെ ഉപേക്ഷിച്ചു മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നു കളയുന്നതാണ് രീതി. അത്താണിക്കലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള വിഷ്ണു ക്ഷേത്രത്തിൽ രാത്രി 12നാണ് മോഷണം നടന്നത്. ക്ഷേത്രവാതിൽ കുത്തിത്തുറന്ന് ശ്രീകോവിലിന് മുമ്പിലും പിന്നിലുമുള്ള ഭണ്ഡാരങ്ങൾ തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. പുറത്തുള്ള ഭണ്ഡാരങ്ങളിൽനിന്നും പണം കവർന്നിട്ടുണ്ട്. പ്രതിയെ പൊലീസ് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. മോഷണം നടത്തിയ രീതിയും മറ്റും പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇൻസ്പെക്ടർക്ക് പുറമെ സബ് ഇൻസ്പെക്ടർ അഹമ്മദ് കുട്ടി, പൊലീസുകാരായ റഫീഖ്, സബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.