തിരൂർ: മംഗലം എൻ.ഒ.സി പടിയിൽ കാപ്പ കേസ് പ്രതിയുടെ ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിനിടെ തിരൂർ പൊലീസ് 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു.
ആശുപത്രിപടി തൊട്ടിവളപ്പിൽ നവാസ് (33), പൊന്നാനി തൃക്കമ്പലം പാണ്ടിതറയിൽ വിഷ്ണു (22), പുറത്തൂർ എൻ.ഒ.സി പടി ഒറ്റയിൽ മുഹമ്മദ് ഷാമിൽ (18), പൊന്നാനി കറുത്തമാക്കാതകത്ത് ബദറുദ്ദീൻ (42) എന്നിവരെയാണ് 14.2 കിലോ കഞ്ചാവും 900 ഗ്രാം ഹാഷിഷ് ഓയിലും വടിവാളുകളും കുരുമുളക് സ്പ്രേയുമായി പിടികൂടിയത്. റെയ്ഡിനിടെ പ്രദേശത്തെ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേർ രക്ഷപ്പെട്ടു.
കാപ്പ കേസിൽ കഴിഞ്ഞദിവസം പൊന്നാനിയിൽനിന്ന് അറസ്റ്റ് ചെയ്ത പൊന്നാനി സ്വദേശി ഏഴുകുടിക്കൽ ഷമീം ഒളിവിൽ കഴിഞ്ഞിരുന്നത് എൻ.ഒ.സി പടിയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു. ക്വാർട്ടേഴ്സ് വളഞ്ഞ് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയപ്പോഴാണ് മയക്കുമരുന്നുമായി നാല് പ്രതികൾ പിടിയിലായത്. മയക്കുമരുന്നുകൾ ആന്ധ്രപ്രദേശിൽനിന്ന് എത്തിച്ചതാണെന്നും പ്രാദേശിക വിപണിയിൽ അര കോടിയോളം രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ തിരൂർ കോടതി റിമാൻഡ് ചെയ്തു.