കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും

കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനമാരംഭിച്ചത്.

യാത്രക്കാരുടെ തിരക്ക് കൊവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തിൽ പുതിയ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയത് എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് എമിഗ്രേഷൻ ഏരിയ. വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങിയത്. ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ. ഇന്ത്യൻ/ വിദേശ പാസ്‌പോർട്ടുകളിൽ യാത്ര ചെയ്യുന്നവർ, ഇ വിസ, അംഗപരിമിതർ, മുതിർന്ന യാത്രക്കാർ, ജീവനക്കാർ, വിദേശ നയതന്ത്രജ്ഞർ തുടങ്ങിയവർക്കായി പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും.

കരിപ്പൂരിൽ നവീകരിച്ച എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി

16 കൗണ്ടറുകൾ നിരയായാണ് സജ്ജീകരിച്ചിരിക്കുന്നത്. എമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം യാത്രക്കാർക്ക് പ്രീ എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ഓരോ കൗണ്ടറിലും ഒരു ഇ ഗേറ്റ് ഘടിപ്പിച്ചിരിക്കും. പുതിയ ബ്ലോക്കുകളുടെ തുടക്കം മുതൽ ഈ സൗകര്യങ്ങൾ അന്താരാഷ്ട്ര ആഗമന ടെർമിനലിൽ ഉണ്ടായിരുന്നെങ്കിലും ഡിപ്പാർച്ചർ ടെർമിനലിൽ എമിഗ്രേഷൻ ഫിസിക്കൽ കൗണ്ടറുകളിലാണ് പ്രവർത്തിച്ചിരുന്നത്. എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് പുതിയ എമിഗ്രേഷൻ ഏരിയയുടെ കമ്മീഷനിംഗ് നിർവഹിച്ചു. ചടങ്ങിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *