പരപ്പനങ്ങാടിയിൽ  മൂന്നു യുവാക്കളെ പൊലീസ് മർദിച്ചതായി പരാതി; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സി.ഐ

പരപ്പനങ്ങാടിയിൽ മൂന്നു യുവാക്കളെ പൊലീസ് മർദിച്ചതായി പരാതി; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സി.ഐ

പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ് മർദിച്ചെന്ന പരാതിയുമായി മൂന്നു യുവാക്കൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മൂന്നിയൂർ സ്വദേശികളായ സി. ജിഷ്ണു, പി. അക്ഷയ്, സി. ഇന്ദ്രജിത് എന്നിവരാണ് മർദനമേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

പാലത്തിങ്ങൽ മുരിക്കൽ റോഡോരത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് വാഹനത്തിൽ കയറ്റാൻ നടത്തിയ നീക്കമാണ് അനിഷ്ട സംഭവങ്ങൾക്കിടയാക്കിയത്. ലഹരിവാണിഭ സംഘത്തെ പിടിക്കാൻ പട്രോളിങ്ങിനിറങ്ങിയ പരപ്പനങ്ങാടി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വഴിയോരത്ത് ഇരിക്കുകയായിരുന്ന യുവാക്കളെ കാരണം വ്യക്തമാക്കാതെ പിടിച്ചുകൊണ്ടുപോകാൻ നടത്തിയ നീക്കം നാട്ടുകാരിൽ ചിലരും ചോദ്യം ചെയ്യുകയായിരുന്നു.

എസ്.ഐയും സംഘവും കൈയേറ്റത്തിനിരയായെന്ന സന്ദേശം ലഭിച്ച് ഇതുവഴി വന്ന സി.ഐ പ്രകോപിതനാവുകയും യുവാക്കളെ പൊലീസ് ജീപ്പിൽ പിടിച്ചുകയറ്റുകയുമായിരുന്നു. സി.ഐ തങ്ങളെ പൊലീസ് വാഹനത്തിൽ വെച്ചും തുടർന്നും ബൂട്ടിട്ട് ചവിട്ടുകയും ശരീരമാസകലം മർദിക്കുകയായിരുന്നെന്ന് യുവാക്കൾ പരാതിപ്പെട്ടു. എന്നാൽ, യുവാക്കൾ എസ്.ഐയെയാണ് മർദിച്ചതെന്നും പൊലീസ് മർദിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും സി.ഐ ഹണി കെ. ദാസ് പറഞ്ഞു. യുവാക്കൾക്ക് കോടതി ജാമ്യം നൽകി.

Leave a Reply

Your email address will not be published. Required fields are marked *