പുതുപൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായുള്ള മണൽത്തിട്ടകൾ നീക്കംചെയ്യുന്നതിനുള്ള ജോലികൾക്ക് തുടക്കംകുറിച്ചു. അഴിമുഖത്തെ ആഴവും അടിഞ്ഞുകൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുപൊന്നാനി മുനമ്പം അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
അഴിമുഖത്ത് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ആഴം കൂട്ടാനാണ് പ്രാഥമിക ധാരണയായത്. ഇതിന്റെ ഭാഗമായി ഈ മാസം 22, 23 തീയതികളിൽ ഹൈഡ്രോ ഗ്രാഫിക് വിഭാഗം സർവേ നടത്തും. തുടർന്ന് എം.എൽ.എക്ക് സർവേ റിപ്പോർട്ട് നൽകും. തിട്ട നീക്കി ലഭിക്കുന്ന മണൽ കരാറുകാരൻ തന്നെ വിറ്റ് തുക സർക്കാറിലേക്ക് അടക്കാനാണ് തീരുമാനം. എന്നാൽ താൽക്കാലികമായി മണൽ നീക്കിയതുകൊണ്ട് ഫലമില്ലെന്നും, അഴിമുഖത്ത് ജലം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനമാണ് വേണ്ടതെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കൂടാതെ അഴിമുഖത്ത് അടിഞ്ഞുകൂടി കിടക്കുന്ന കല്ലുകൾ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രളയത്തിലും കടലാക്രമണത്തിലും അടിഞ്ഞുകൂടിയ മണൽത്തിട്ടകൾ മൂലം മത്സ്യബന്ധന തൊഴിലാളികൾക്കും തോണികൾക്കും കടലിൽ പോകാൻ കഴിയുന്നില്ല. ചെറുവള്ളങ്ങൾക്ക് ഉൾപ്പെടെ ഇതുവഴി കടന്നപോകാനാകാത്ത സ്ഥിതിയാണ്. കടലും പുഴയും ചേരുന്ന ഭാഗത്ത് മണൽ അടഞ്ഞുകിടക്കുന്നത് മാട്ടുമ്മൽ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാക്കുന്നുണ്ട്.
ദുരന്ത നിവാരണ മുന്നൊരുക്ക പ്രവൃത്തികളുടെ ഭാഗമായി നേരത്തേ കുറച്ചു ഭാഗത്തെ മണൽ നീക്കിയിരുന്നെങ്കിലും അത് പൂർവസ്ഥിതിയിലായി. ഇതിനായി ചെലവഴിച്ച തുകയെല്ലാം ഇപ്പോൾ വെള്ളത്തിൽ വരച്ച വര പോലെയായി. കടവനാട്, പുറങ്ങ്, മാട്ടുമ്മൽ, വെളിയങ്കോട് എന്നിവിടങ്ങളിലെ വെള്ളം കടലിലെത്താനുള്ള പാതയാണ് പുതുപൊന്നാനി അഴിമുഖം. ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയർ രാജീവ്, അസി. എൻജിനീയർ ജോസഫ് ജോൺ, ഹൈഡ്രോ ഗ്രാഫിക് മറൈൻ സർവേയർ ഷൽബി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Malappuram News | Latest Malappuram Regional News in Malayalam