
തിരൂരങ്ങാടി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ ത്വഗ് രോഗ വിഭാഗത്തിൽ ഡോക്ടറെത്തി. കഴിഞ്ഞ എട്ട് മാസമായി താലൂക്ക് ആശുപത്രി ത്വഗ് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ പ്രയാസത്തിലായിരുന്നു.
ഇവിടെയുണ്ടായിരുന്ന ഡോക്ടർ ഒഴിഞ്ഞ് പോയതിന്റെ ശേഷം പകരം നിയമിച്ചിട്ടില്ലായിരുന്നു. ദിനംപ്രതി രണ്ടായിരത്തിലേറെ രോഗികൾ ഇവിടെ എത്തുന്നുണ്ട്. ത്വഗ് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു രോഗികൾ.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒഴിവുവന്ന ത്വഗ് രോഗ വിഭാഗത്തിലേക്കും ആശുപത്രി സൂപ്രണ്ട് സ്ഥാനത്തേക്കും അടിയന്തരമായി ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽപാറ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക മുഖേന ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.
തുടർന്ന് ആരോഗ്യ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് ത്വഗ് രോഗ വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിച്ചത്. തിരുവനന്തപുരത്ത് നിന്നുമുള്ള ഡോ. അപർണയാണ് ത്വഗ് രോഗ വിഭാഗത്തിൽ ചുമതലയേറ്റെടുത്തത്.
ഒഴിവുവന്ന സൂപ്രണ്ട് പദവിയിലേക്ക് ഉടനെ നിയമനം ഉണ്ടാവുമെന്നും ആവശ്യമായ നിർദേശം ആരോഗ്യ വകുപ്പ് ഡയക്ടർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചതായി അഷ്റഫ് കളത്തിങ്ങൽപാറ പറഞ്ഞു.