
അസൈനാർ, ഹൈദരലി, മുഹമ്മദ് കബീർ
തിരൂർ (മലപ്പുറം): ഗൾഫിൽനിന്ന് വിൽപനക്കെത്തിച്ച 141.58 ഗ്രാം എം.ഡി.എം.എയുമായി തിരൂരിൽ മൂന്നു പേർ അറസ്റ്റിൽ. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി (29), വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ (37), കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ (33) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തിരൂർ പൊലീസിന്റെ പിടിയിലായത്.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ പൊലീസും തിരൂർ, പെരിന്തൽമണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഹൈദരലി ദിവസങ്ങൾക്കുമുമ്പ് വിസിറ്റിങ് വിസയിൽ ഒമാനിൽ പോയതായിരുന്നു. മൂന്നു ദിവസം മുമ്പ് മുംബൈയിലെത്തി മറ്റു രണ്ടു പ്രതികളെയും കൂട്ടി ട്രെയിനിലാണ് എം.ഡി.എം.എയുമായി എത്തിയത്. റെയിൽവേ സ്റ്റേഷൻ സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.
ഒമാനിൽ പാകിസ്താനിയിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാൽ നൽകിയതായും ഹൈദരലി പറഞ്ഞതായി പൊലീസ് അറിയിച്ചു. വിപണിയിൽ അഞ്ചു ലക്ഷത്തോളം രൂപക്ക് വിൽക്കാനാണ് പ്രതികൾ തയാറെടുത്തിരുന്നത്. ഒമാനിൽനിന്ന് ലഭിക്കുന്ന എം.ഡി.എം.എ വീര്യംകൂടിയ ഇനമാണെന്നും ഇതിന് ആവശ്യക്കാരേറെയാണെന്നും പ്രതികൾ പറഞ്ഞു.
പൊലീസിന്റെ ഡി ഹണ്ട് ഓപറേഷന്റെ ഭാഗമായി ഒരു മാസത്തോളമായി ജില്ലയിൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. തിരൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, എസ്.ഐ ആർ.പി. സുജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, കെ.ആർ. രാജേഷ്, ബിനു, ധനീഷ് കുമാർ, വിവേക്, സതീഷ് കുമാർ, ദിൽജിത്, സുജിത്, ജവഹർ എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്.