
അബ്ദുൽ ഹമീദ്
മഞ്ചേരി: 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ 49 വയസ്സുകാരനായ പ്രതിക്ക് ആറ് വര്‍ഷവും ഒരു മാസവും കഠിന തടവും 75,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഡൂര്‍ ആൽപ്പറ്റക്കുളമ്പ് ചെറുകാട്ടില്‍ വീട്ടിൽ അബ്ദുല്‍ ഹമീദിനെയാണ് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസവും 10 ദിവസവും അധിക തടവും അനുഭവിക്കണം. 2024 മാർച്ച് 19നാണ് കേസിനാസ്പദമായ സംഭവം. പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും ഉത്തരവായി. വനിത പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന ഇന്ദിരാമണി കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ, ഇന്‍സ്പെക്ടറായിരുന്ന റസിയ ബംഗാളത്ത് ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വനിത പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇന്‍സ്പെക്ടര്‍ അജിത അന്വേഷണത്തിന് സഹായിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എൻ. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു.